തിരുവനന്തപുരം: പഴനിയിൽ ദർശനത്തിന് പോകവേ ഡിണ്ടിഗല്ലിൽ നടന്ന വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. മണക്കാട് കുര്യാത്തി റൊട്ടിക്കട മുക്ക് പണയിൽവീട്ടിൽ അശോകന്റെ ഭാര്യ ശൈലജ (48), മകൻ അഭിജിത്തിന്റെയും സംഗീതയുടെയും ഒന്നര വയസുള്ള മകൻ ആരവ്, സംഗീതയുടെ അമ്മ ജയ (52) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

രാവിലെ 10ന് റൊട്ടിക്കട മുക്കിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച ശേഷം പുത്തൻകോട്ട ശ്‌മശാനത്തിലായിരിക്കും സംസ്‌കാരം നടക്കുക. അഞ്ചുവർഷം കാത്തിരുന്ന് ലഭിച്ച മകന്റെ മരണവിവരം അഭിജിത്തിനെയും സംഗീതയെയും അറിയിച്ചിട്ടില്ല. ഇന്നലെ പുലർച്ചെയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ അഭിജിത്ത്, സഹോദരൻ ആദർശ്, അഭിജിത്തിന്റെ ഭാര്യ സംഗീത, ജയയുടെ ചെറുമകൻ സിദ്ധാർത്ഥ്, ഡ്രൈവർ കണ്ണൻ എന്നിവരെ ഇന്ന് രാവിലെയോടെ എത്തിച്ച ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അഭിജിത്തിന്റെ അച്ഛൻ അശോകനെയും സഹോദരൻ അനീഷിനെയും മണക്കാട് കെ.എൻ മണി റോഡിൽ ദേവനെയും ഇന്നലെത്തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടിയന്തര ശസ്ത്രക്രിയയ്‌ക്കായി മാറ്റിയിരുന്നു. മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന 9 വയസുകാരൻ സിദ്ധാർത്ഥ് വെന്റിലേറ്ററിൽ തുടരുകയാണ്.

ആരവിന്റെ മുടിയെടുക്കൽ ചടങ്ങ് നടത്താനാണ് അഭിജിത്തും സംഗീതയും ബന്ധുക്കളുമായി ഇന്നോവയിൽ പഴനിയിലേക്ക് തിരിച്ചത്. മുന്നിലെ വലതുഭാഗത്തെ ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്തുണ്ടായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലിടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.