
നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള കണ്ണറ വാർഡിലുൾപ്പെടുന്ന നെല്ലിമൂട് ചന്തയിലെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ മലിനജലത്തിന് സമീപത്തെ കച്ചവടം കച്ചവടക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം. ചന്തയുടെ പ്രവേശനകവാടത്തിന് സമീപത്തെ കെട്ടിടത്തോട് ചേർന്നുള്ള ഓടയിലും കെട്ടിടത്തോട് ചേർന്നുമാണ് മത്സ്യമാംസാദികളുടെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയുളള മലിനജലം കെട്ടിക്കിടക്കുന്നത്. കറുത്ത നിറത്തിലാണ് മലിനജലം കാണുന്നത്. ചന്തയിലെ മലിനജലം ഒഴുക്കിവിടാൻ സംവിധാനമില്ലാത്താണ് പ്രതിസന്ധിക്ക് കാരണം.
മാലിന്യ സംസ്കരണത്തിനുളള സ്ഥലപരിമിതിയാണ് വെല്ലുവിളിയായിട്ടുള്ളത്. അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ പ്രധാന വ്യാപര കേന്ദ്രമായ നെല്ലിമൂട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ചന്തയിൽ ദിനംപ്രതി രാവിലെയും വൈകിട്ടുമുള്ള ചന്തയിലേക്ക് 1000ത്തിലധികം ആളുകളാണ് വരുന്നത്. 100ലധികം ചെറുകിട കച്ചവടക്കാരും ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പലപ്പോഴും ചന്തയുടെ വികസനത്തിന് നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിച്ചെങ്കിലും രാഷ്ട്രീയ പ്രദേശിക എതിർപ്പുമൂലം പലതും തുടക്കത്തിലേ പാളിപ്പോകാറാണ് പതിവ്.
ഗ്രാമപഞ്ചായത്ത് കരാറുകാരനെ കൊണ്ട് ഓരോ കച്ചവടത്തിനും നിശ്ചിത തുക ചുങ്കം പിരിക്കുന്നെങ്കിലും ചന്തയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാകാത്തതിൽ രോഷാകുലരാണ് ഇവിടുത്തെ കച്ചവടക്കാർ.
2 ലക്ഷത്തോളം രൂപ ചെലവാക്കി ഒരു വർഷം മുമ്പ് ചന്തയ്ക്ക് റൂഫീംഗ് സംവിധാനമൊരുക്കി തറ സിമന്റ് പാകിയെങ്കിലും അടിസ്ഥാനസൗകര്യമൊരുക്കാൻ അധികൃതർക്കായില്ല. ചന്തയിൽ മാലിന്യ സംസ്കരണത്തിന് സ്ഥലം കണ്ടെത്തി മലിനജലം ഒഴുക്കിക്കളയുന്നതിനുളള സംവിധാനമുണ്ടാക്കണമെന്നാണ് കച്ചവടക്കാരുടെയും പൊതുജനത്തിന്റെയും ആവശ്യം.