
വിഴിഞ്ഞം: വീടെന്ന സ്വപ്നം ബാക്കിയാക്കി അമ്പിളി യാത്രയായി. മുട്ടയ്ക്കാട് പ്ലാവിള റോഡരികത്ത് വീട്ടിൽ സി. അമ്പിളി യാണ് (54) വെള്ളിയാഴ്ച സന്ധ്യയോടെ മരിച്ചത്. അമ്പിളിയുടെയും കുടുംബത്തിന്റെയും കഥ കഴിഞ്ഞ മാസം കേരള കൗമുദി ഓൺ-ലൈൻ ചാനലിൽ പ്രസിദ്ധീകരിച്ചിരുന്നു. അമ്പിളിയുടെ ജീവിതം ഇങ്ങനെ ....
നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ താലി കെട്ടിയെങ്കിലും ജീവിച്ചുതുടങ്ങും മുൻപ് വിധി തളർത്തിയ ദമ്പതികളാണ് കോവളം മുട്ടയ്ക്കാട് പ്ലാവിള റോഡരികത്ത് വീട്ടിൽ സുരേഷ് കുമാറും അമ്പിളിയും. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു അമ്പിളി. വിവാഹത്തോടെ ജോലി വിട്ടു. ഒരു മകൾ ജനിച്ച്, ജീവിതം സന്തോഷപൂർവം മുന്നോട്ടുപോകവെ 1995ൽ അമ്പിളി തളർന്നുവീണു. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് ആയിരുന്നു വില്ലൻ. ഇത് നട്ടെല്ലിനെ ബാധിച്ചു.
27 വർഷം ഒരേ കിടപ്പ്. ഭാര്യയുടെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന മൈക്ക് സെറ്റ് പണയംവച്ചു, പിന്നെ വിറ്റു. ഒടുവിൽ 10 സെന്റ് സ്ഥലവും. എന്നിട്ടും അമ്പിളി എഴുന്നേറ്റില്ല. മെഡിക്കൽ കോളേജിലെയും ശ്രീചിത്രയിലെയും നീണ്ട ചികിത്സകൾക്കുശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റി. അരയ്ക്കുതാഴെ തളർന്ന അവസ്ഥയായിരുന്നു ആദ്യം. പിന്നീട് കൈകളും അനക്കാൻ പറ്റാതായി. ഭാര്യയുടെ ചികിത്സയ്ക്കായി മകളെ ബോർഡിംഗിലാക്കി. അമ്പിളിയെ നോക്കാൻ സുരേഷ് കുമാർ മറ്റൊരു വിവാഹം കഴിച്ചു.
ഊരൂട്ടമ്പലം സ്വദേശി ഷീബ കുമാരിയെ. ഭാര്യയുടെ പൂർണ സമ്മതത്തോടെ നടന്ന വിവാഹമെങ്കിലും അമ്പിളിയും ഷീബയും തമ്മിൽ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉണ്ടാക്കി. ഏതെങ്കിലും കാലത്ത് താൻ എഴുന്നേറ്റ് നടന്നാൽ ഷീബയെ അനിയത്തിയെ പോലെ നോക്കിക്കൊള്ളാമെന്നും അമ്പിളിയെ ജീവിതകാലം മുഴുവൻ പരിചരിച്ചുകൊള്ളാമെന്നും.
സുരേഷ് കുമാറിന് ഷീബയിൽ രണ്ട് മക്കൾ കൂടി ജനിച്ചു, ഇവർ ഇപ്പോൾ ഹൈസ്കൂൾ വിദ്യാർത്ഥികളാണ്. അമ്പിളിയുടെ മകൾ വിവാഹിതയായി.
അടച്ചുറപ്പുള്ളൊരു വീടാണ് ഇവരുടെ ആകെയുള്ള ആഗ്രഹം. ആ ആഗ്രഹം ബാക്കിയാക്കിയാണ് അമ്പിളിയുടെ മരണം. ഹൃദയ സംബന്ധമായ അസുഖവും സുരേഷിനെ അലട്ടുന്നുണ്ട്. വാടക വീട്ടിലാണ് ഇപ്പോൾ താമസം. ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ്.