p

കടയ്ക്കാവൂർ : കേരളത്തിലെ കയർ തൊഴിലാളികൾ നേടിയതെല്ലാം എണ്ണമറ്റ പോരാട്ടങ്ങളിലൂടെയെന്ന് സി. ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സമരങ്ങളിൽ പങ്കെടുത്തു നിരവധി തവണ ജയിൽവാസമനുഭവിച്ച അഞ്ചുതെങ്ങിലെ കയർ തൊഴിലാളികളെ ഓണക്കോടി നൽകി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലണകൂലി മുതൽ ഇന്നു ലഭിക്കുന്ന 350 രൂപ വരെ പൊരുതി നേടിയതാണ്. കയർ വ്യവസായം തമിഴ്നാട് കൈയടക്കുകയാണ്. ഇതിനെ അതിജീവിക്കാനും വ്യവസായത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ശ്യാമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.കയർ സെന്റർ ഭാരവാഹികളായ ആർ.സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ ഭാരവാഹികളായ പി.മണികണ്ഠൻ, ബി.എൻ.സൈജുരാജ്, വി.ലൈജു, ലിജാബോസ്, ആർ.ജറാൾഡ്, എസ്.പ്രവീൺചന്ദ്ര, കെ.ബാബു, സജിസുന്ദർ, സരിത ബിജു, സുനി പി. കായിക്കര, ഷാൻ ഷാക്കർ തുടങ്ങിയവർ സംസാരിച്ചു.