കടയ്ക്കാവൂർ: ഓണത്തിന് പോലും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായി അഞ്ചുതെങ്ങിലെ ജനങ്ങൾ. കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം പൂർണമായും നിലച്ച അവസ്ഥയാണ്. ഓണക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് പലകുറി പ്രദേശവാസികൾ ജനപ്രതിനിധികളടക്കമുള്ളവരോട് പരാതിപ്പെട്ടെങ്കിലും കുടിവെള്ളം എത്തിക്കാനുള്ള യാതൊരു നടപടികളും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പലരും ഓട്ടോയിലും മറ്റും കടയ്ക്കാവൂർ, വെട്ടൂർ,വക്കം തുടങ്ങിയ പ്രദേശത്തെ കിണറുകളിൽ നിന്നും കുടിവെള്ളം എത്തിച്ചും, കടകളിൽ നിന്ന് ബോട്ടിൽ കുടിവെള്ളം വാങ്ങിയുമാണ് ഇപ്പോൾ ആവശ്യങ്ങൾ നിറവേറ്റുന്നത്.

അഞ്ചുതെങ്ങ് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. ലക്ഷങ്ങളുടെയും കോടികളുടെയും പദ്ധതികൾ നടപ്പിലായെന്നും നടപ്പിലാക്കാൻ പോകുന്നുവെന്നും മാറി മാറി വരുന്ന സർക്കാരുകൾ പറയുമ്പോഴും പ്രദേശവാസികൾ ഇന്നും ജീവജലത്തിനായുള്ള നെട്ടോട്ടത്തിലാണ്.