
ചിറയിൻകീഴ്: ദർശനങ്ങളുടെ മഹിമയും സന്ദേശങ്ങളുടെ പെരുമയുമാണ് ശ്രീനാരായണ ഗുരുദേവനെ ഋഷിമാരിൽ നിന്നു വ്യത്യസ്തനാക്കുന്നതെന്ന് വി.ജോയി എം.എൽ.എ പറഞ്ഞു. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ താലൂക്കുതല ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെയാകെ പരിവർത്തനത്തിനാവശ്യമായ പ്രവർത്തനങ്ങളാണ് കാലിക പ്രസക്തിയുള്ള സന്ദേശങ്ങളിലൂടെ ഗുരു നിർവഹിച്ചിട്ടുള്ളത്. അടിമത്വത്തിലാണ്ടു കിടന്നിരുന്ന വലിയൊരു വിഭാഗം ജനതയെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞത് ശ്രീനാരായണ ഗുരു സന്ദേശങ്ങളുടെ പിൻബലം ഒന്നുകൊണ്ടു മാത്രമാണ്.
ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷനായിരുന്നു. ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ചതയദിന സന്ദേശം നൽകി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നു. ഗുരുക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ട്രഷറർ പി.എസ്.ചന്ദ്രസേനൻ, ക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ബൈജു തോന്നയ്ക്കൽ, കൗൺസിലർമാരായ അഴൂർ ബിജു, ഉണ്ണിക്കൃഷ്ണൻ ഗോപിക, സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ട്രസ്റ്റ് ഭാരവാഹികളായ രാജൻ സൗപർണിക, എസ്.സുന്ദരേശൻ, എസ്.പ്രശാന്തൻ, ഭാഗി അശോകൻ, സത്യദാസ്, യൂത്ത് മൂവ്മെന്റ് പ്രതിനിധികളായ പ്രേം സിത്താർ, പ്രിയദർശൻ, അൻവിൻ മോഹൻ, ഗൾഫ് പ്രതിനിധി സജൻസത്യ, പിആർഎസ്.പ്രകാശൻ, കെ.രഘുനാഥൻ, എൻ.സത്യപാലൻ, രമണി ടീച്ചർ വക്കം എന്നിവർ പ്രസംഗിച്ചു.
ക്ഷേത്രതന്ത്രി സുശീലൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ പഞ്ചലോഹ ഗുരു വിഗ്രഹപ്രതിഷ്ഠാ വാർഷികോത്സവത്തിന്റെ ഭാഗമായി നടന്ന പൂജാവിധികളിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു. വൈകിട്ട് മഹാ ഗുരു പൂജയോടെ ചടങ്ങുകൾ സമാപിച്ചു.