highway

തിരുവനന്തപുരം: മുംബയ് - പൂനെ എക്‌സ്‌പ്രസ് ഹൈവേയിൽ സുരക്ഷയൊരുക്കാനുള്ള 9.05 കോടി രൂപയുടെ പദ്ധതി കെൽട്രോണിന് ലഭിച്ചു. റഡാറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 28 സ്‌പോട്ട് ആൻഡ് ആവറേജ് സ്‌പീഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം, 11 ആവറേജ് സ്‌പീഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം എന്നിവയാണ് കെൽട്രോൺ സ്ഥാപിക്കുക. കേരളത്തിന് പുറത്തുനിന്ന് ആദ്യമായാണ് കെൽട്രോണിന് ബിസിനസ് ഓ‌ർഡർ.

വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിച്ച് നമ്പറും ചിത്രവും വേഗവും ദിശയുമുൾപ്പെടെയുള്ള വിവരങ്ങൾ തത്സമയം കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്ന സംവിധാനമാണ് സ്‌പോട്ട് ആൻഡ് ആവറേജ് സിസ്റ്റം. വാഹനങ്ങളുടെ ചിത്രവും നമ്പർ പ്ലേറ്റും ജി.പി.എസ് സമയവുമടക്കമുള്ള വിവരം ശേഖരിച്ച് കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്നതാണ് ആവറേജ് സ്‌പീഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം.

വിവരം ക്രോഡീകരിച്ച് നിയമലംഘകർക്കെതിരെ നടപടിയെടുക്കും. പദ്ധതി വിജയിച്ചാൽ നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയുടെ കൂടുതൽ ഓർഡറുകൾ കെൽട്രോണിന് ലഭിച്ചേക്കാം.