തിരുവനന്തപുരം: തിരുവോണരാത്രിയിൽ നഗരമദ്ധ്യത്തിൽ വാഹനാപകടത്തിൽപ്പെട്ട അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മന്ത്രി വീണാ ജോർജ് അടിയന്തര ചികിത്സ ഉറപ്പാക്കി. വ്യാഴാഴ്ച രാത്രി പേയാട് സ്വദേശി അനുവും കുടുംബവും ഇരുചക്രവാഹനത്തിൽ കിഴക്കേകോട്ടയിലേക്ക് പോകുന്നതിനിടെ രാത്രി 9.45ന് അയ്യങ്കാളി ഹാളിന് സമീപത്തായിരുന്നു അപകടം.

അനുവും ഭാര്യ ആതിരയും കുഞ്ഞും സഹോദരന്റെ കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അനുവിന്റെ സഹോദരന് ബ്രെയിൻ ട്യൂമറായതിനാൽ അദ്ദേഹത്തിന്റെ കുഞ്ഞിനെക്കൂടി ഓണാഘോഷത്തിന്റെ ഭാഗമായുള്ള ലൈറ്റ് കാണിച്ച് മടങ്ങുമ്പോഴാണ് അപകടം. ബൈക്കിൽ നിന്ന് ആതിര കുഞ്ഞുങ്ങളുമായി തെറിച്ചുവീണു. അതേസമയം ഇടിച്ചയാൾ ബൈക്ക് നിറുത്താതെ ഓടിച്ചുപോയി.

ബൈക്ക് ആതിരയുടെ കാലിൽ വീണാണ് പരിക്കേറ്റത്. മറ്റാർക്കും പരിക്കില്ല. ഗതാഗതക്കുരുക്കിനിടെയായിരുന്നു അപകടം. ഈ സമയം അതുവഴി കടന്നുപോകുന്നതിനിടെയാണ് മന്ത്രി വീണാ ജോർജ് അപകടം കണ്ടത്. ഡ്രൈവറോട് വണ്ടി നിറുത്താൻ ആവശ്യപ്പെട്ട മന്ത്രി പുറത്തിറങ്ങി. പൊലീസിനെ വിവരമറിയിച്ചെങ്കിലും ഗതാഗതക്കുരുക്ക് കാരണം ആംബുലൻസ് എത്താൻ വൈകുമെന്ന് മനസിലാക്കിയ മന്ത്രി പരിക്കേറ്റ ആതിരയെ വണ്ടിയിൽ കയറ്റി. കുഞ്ഞുങ്ങളെയും മന്ത്രി തന്നെ എടുത്ത് വാഹനത്തിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നാലെ അധികൃതരെ ബന്ധപ്പെട്ട് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയായിരുന്നു.