vld-1

വെള്ളറട: എസ്.എൻ.ഡി.പി യോഗം ശാഖകളുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ നടന്നു. വെള്ളറട ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ രാവിലെ വെള്ളറട ശാഖയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ദീബുപണിക്കർ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. പ്രത്യേക ഗുരുപൂജകളും ദീപാരാധനയും പായസ വിതരണവും നടന്നു. ശാഖാ സെക്രട്ടറി ജി. രാജേന്ദ്രനും ശാഖാ ഭാരവാഹികളും നേതൃത്വം നൽകി. വേങ്കോട് ശാഖയുടെ നേതൃത്വത്തിൽ പൊട്ടൻചിറ ഗുരുമന്ദിരത്തിലും പനച്ചമൂട് ടൗൺ ഗുരുമന്ദിരത്തിലും പരിപാടികൾ സംഘടിപ്പിച്ചിരുന്നു. രാവിലെ പൊട്ടൻചിറയിൽ ശാഖാ പ്രസിഡന്റ് എൻ. ഗോപിനാഥൻ പതാക ഉയർത്തി. പനച്ചമൂട് ഗുരുമന്ദിരത്തിൽ കൺവീനർ സുരേഷ് കുമാർ പതാക ഉയർത്തി. പൊട്ടൻചിറയിൽ ദൈവദശക ആലാപനമത്സരം നടന്നു. ശാഖ പ്രസിഡന്റ് എൻ. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രതിനിധി ബൈജു .വി ഉദ്ഘാടനം ചെയ്തു. മുക്കൂട്ടുകൽ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. ഗോപകുമാർ,​ ആർ. വിജയകുമാരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അശോകൻ പുതുകുളങ്ങര സ്വാഗതവും വനിതാ സംഘം സെക്രട്ടറി ഷീജ നന്ദിയും രേഖപ്പെടുത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തേക്കുപാറ ശാഖയുടെ നേതൃത്വത്തിലും ജയന്തി ആഘോഷം വിപുലമായി. രാവിലെ പ്രത്യേക മഹാഗണപതി ഹോമം,​പുഷ്പാർച്ചന,​ഗുരുപൂജ പായസ വിതരണം എന്നിവ സംഘടിപ്പിച്ചിരുന്നു. കോവില്ലൂർ ഓരുകുഴി ശാഖയിലും മണ്ണാംകോണം കരിങ്ങാലുമൂട്, വേങ്കോട് ഇഴവിക്കോട് ശാഖയിലും ആഘോഷങ്ങൾ നടന്നു. കുന്നത്തുകാൽ, തട്ടിട്ടമ്പലം ശാഖകളിലും ജയന്തി ആഘോഷമുണ്ടായിരുന്നു.