
ബാലരാമപുരം: ഓണംവാരാഘോഷത്തിന്റെ സമാപനഘോഷയാത്രത്തിൽ കാഴ്ച്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കുന്നത് ജിനൻ-ബിനുഹരിദാസ് ജോടികളുടെ വൈവിദ്ധ്യമാർന്ന ഫ്ലോട്ടുകളാണ്. സർക്കാരിന്റെ 11 വകുപ്പുകളുടെ ഫ്ലോട്ടുകൾ തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ് ഇരുവരും. ബാലരാമപുരം കാട്ടാക്കട റോഡിൽ വയൽക്കരക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന കലാസങ്കേതത്തിലാണ് ഫ്ലോട്ടുകളുടെ അവസാനഘട്ടജോലികൾ പുരോഗമിക്കുന്നത്. 10 ദിവസമായി നാൽപ്പതോളം വരുന്ന കലാകാരൻമാരാണ് രാപകലില്ലാതെ ഫ്ലോട്ടുകൾ ഒരുക്കുന്നത്. 25 വർഷമായി ഓണം ഘോഷയാത്രയിൽ കാഴ്ച്ചക്കാർക്ക് കൗതുകവും വിസ്മയകാഴ്ച്ചയൊരുക്കുന്നതും ജിനന്റെ ഫ്ലോട്ടുകളാണ്. 2017ൽ സർക്കാർ വകുപ്പുകൾക്കായി ഒരുക്കിയ 12 ഫ്ലോട്ടുകളിൽ രണ്ടെണ്ണത്തിന് ഒന്നാം സ്ഥാനവും ഒരെണ്ണത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ദേശീയ വ്യാപാരമേളയിൽ ജിനൻ-ബിനു ഹരിദാസിന്റെ ഒരുക്കിയ ഫ്ലോട്ടുകൾക്ക് 12 സ്വർണമെഡലുകൾ ലഭിച്ചിരുന്നു. ജിനന്റെ സഹോദരൻ ജിഗീഷും ഫ്ലോട്ടുകളുടെ വിസ്മയക്കാഴ്ചയൊരുക്കാൻ ഒപ്പമുണ്ട്.
ജിനനും ബിനു ഹരിദാസും ഒരുക്കുന്ന ഫ്ലോട്ടുകൾ
ഇൻവെസ്റ്റ് ഇൻ കേരള (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ), നമ്മുടെ സർക്കാർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു ( ഡയറക്ട്രേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ), ഭൂവസ്ത്ര സംരക്ഷണം ഇന്ന് എല്ലാമേഖലയിലും (ഡയറക്ട്രേറ്റ് ഒഫ് കയർ ഡെവലപ്മെന്റ് ), കൂടുതൽ കരുത്തോടെ കൂടുതൽ ഉയരത്തിലേക്ക് സാഭിമാനം സ്ത്രീശക്തി ( ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്), എന്റെ കൈത്തറി എന്റെ അഭിമാനം (ഡയറക്ടേറ്റ് ഒഫ് ഹാൻഡ്ലൂം ആൻഡ് ടെക്റ്റയിൽസ് ), പ്ലാസ്റ്റിക്കിന് വിട പ്രകൃതിക്ക് കരുതലായി തുണി സഞ്ചി ( ജില്ലാ പഞ്ചായത്ത് ), വിശ്വചിത്രകാരന് കേരളത്തിന്റെ ആദരം- തലസ്ഥാനത്ത് രാജാ രവിവർമ്മയുടെ ആർട്ട് ഗാലറി യാഥാർത്ഥ്യത്തിലേക്ക് (മ്യൂസിയം മൃഗശാല വകുപ്പ് ), നല്ലത് കഴിക്കൂ.. നന്നായി വളരൂ (ഭക്ഷ്യസുരക്ഷാ വകുപ്പ് ), ആദിവാസി മേഖലയിൽ ഉന്നത വിദ്യാഭ്യാസം ഇപ്പോൾ ആഗോള തലത്തിൽ ( എസ്.റ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ), വടക്കൻ മലബാറിന്റെ ടൂറിസം വികസനത്തിന് - മുഴുപ്പിലങ്ങാടി കെ.ടി.ഡി.സി റിസോർട്ട് (കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ), ആക്കുളം ഇനി അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രം (ഡിസ്ട്രിക് ടൂറിസം പ്രൊമോഷൻ കൗൺസിൽ )