തിരുവനന്തപുരം: സമൂഹത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കായി പോരാടിയ ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കടകംപള്ളി മേഖല കമ്മിറ്റിയുടെ ചതയദിനാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികമായ പുരോഗതിയുടെ ആവശ്യകത ഗുരുദേവൻ എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. സാങ്കേതികരംഗം,വിദ്യാഭ്യാസം,വ്യവസായം,കൃഷി ഉൾപ്പെടെയുള്ള മേഖലകളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്തകൾ മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ ശ്രീനാരായണഗുരുദേവൻ വഹിച്ച പങ്ക് സുപ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. നവോത്ഥാനത്തിന്റെ കേന്ദ്രബിന്ദുവാണ് ഗുരുദേവൻ. താഴേത്തട്ടിലുള്ളവർക്കുപോലും മനസിലാകുന്ന ഭാഷയിലാണ് ഗുരുദേവൻ സംസാരിച്ചിരുന്നത്. ആശ്രമങ്ങളിൽ കഴിയാതെ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. ഗുരുദേവന് മുമ്പൊരു സർക്കാരും നൽകാത്ത പ്രാധാന്യമാണ് പിണറായി സർക്കാർ നൽകുന്നത്. ചെമ്പഴന്തി ഗുരുകുലത്തിൽ 16 കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി മേഖലാ കമ്മിറ്റി കൺവീനർ കടകംപള്ളി സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ രാജബിനു.പി, കൗൺസിലർമാരായ പി.കെ ഗോപകുമാർ, സുജാദേവി, കേരളകൗമുദി തിരുവനന്തപുരം-ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ, കുടവൂർശാഖാ സെക്രട്ടറി ഗാനപ്രിയൻ ആർ.വി, ശാഖ രക്ഷാധികാരി ആനയറ രാജേന്ദ്രൻ, ജോയി മഠത്തിൽ, ഗീത .കെ.എസ്, അജിത് .സി.എസ്, രാജേഷ് കിഴക്കേതിൽ തുടങ്ങിയവർ പങ്കെടുത്തു. ആശാവർക്കർമാരായ മിനിമോൾ,രഞ്ജിനി,രഞ്ജിത ഹരിതകർമ്മസേനാ അംഗങ്ങളായ വസന്ത,ഓമന എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും അനുമോദിച്ചു.