നെടുമങ്ങാട്: കരുപ്പൂര് ഗവ.ഹൈസ്‌കൂളിൽ ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പുഷ്‌പരാജ് എന്ന അദ്ധ്യാപകനെതിരെ വ്യാജ പരാതി നൽകിയതിൽ കെ.പി.എസ്.ടി.എ നെടുമങ്ങാട് സബ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കുട്ടികളുടെ കൂട്ടായ ആക്രമണത്തിൽ നിന്ന് സഹാദ്ധ്യാപകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയെ തലങ്ങും വിലങ്ങും മർദ്ദിച്ചെന്ന് രക്ഷിതാവ് പരാതി നൽകിയത്.
കുട്ടികളുടെ ആഘോഷം അതിരുവിട്ടപ്പോഴാണ് അദ്ധ്യാപകർ അവരെ നിയന്ത്രിക്കാൻ ശ്രമിച്ചത്. എന്നിട്ടും പുഷ്പരാജ് എന്ന ഒരദ്ധ്യാപകനെതിരെ മാത്രം വ്യാജ പരാതി നൽകിയത് തികച്ചും രാഷ്ടീയ പ്രേരിതമായ പ്രവർത്തനമാണ്. അദ്ധ്യാപകരും രക്ഷാകർത്താക്കളും നോക്കി നിൽക്കെ നടന്ന അക്രമ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി. നെടുമങ്ങാട് കോടതിയെ സമീപിച്ച അദ്ധ്യാപകന് കോടതി ജാമ്യം അനുവദിച്ചിരുന്നു.