gr

നെയ്യാറ്റിൻകര: ഗുരുവചനങ്ങൾ പിന്തുടരാൻ പുരോഗമന പ്രസ്ഥാനങ്ങൾ തയ്യാറായി എന്നുള്ളത് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹത്തിന്റെ ആശയത്തിന് അനുസൃതമായിട്ടുള്ള ഒരു സാമൂഹികക്രമത്തിലേക്ക് കേരളം മാറിയിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 168 - മത് ഗുരുദേവ ജയന്തി സമ്മേളനം അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ ലോകത്തിന് പകർന്നു നൽകിയത് മഹത്തരമായ ആശയങ്ങളും വ്യക്തിത്വവുമായിരുന്നു.

സാമൂഹിക സാംസ്‌കാരിക നന്മകൾക്ക് ജാതിരഹിതമായ പുതുവെളിച്ചം വീശിയത് ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ്. ശ്രീലങ്ക ഉൾപ്പെടെ രാജ്യത്തിന് അകത്തും പുറത്തും 45 കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷ്ഠയിലൂടെ ഒരു വലിയ ജനതയെ തന്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ഗുരുദേവന് കഴിഞ്ഞിട്ടുണ്ട്.
മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം. എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ ബാബുരാജ്, ഗുരുനാദം ന്യൂസ് ചാനൽ ചെയർമാൻ സൗത്ത് ഇന്ത്യൻ വിനോദ്,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ഗ്രാമ പഞ്ചായത്ത് അംഗം സി. സുജിത്ത്, സ്‌കൂൾ പ്രിൻസിപ്പൽ ഗംഗാ സുരേഷ് എന്നിവർ പങ്കെടുത്തു. അജി. എസ്.എസ്. സ്വാഗതവും എസ്.എൽ. ബിനു നന്ദിയും പറഞ്ഞു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അരുവിപ്പുറത്ത് ശാന്തിഹോമം, തിരു അവതാര പൂജ, ശിവപൂജ, ഗുരുദേവകൃതികളുടെ പാരായണം, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അന്നദാനം, ഗുരുപൂജ, ചതയസദ്യ, വിശേഷാൽ ഗുരുപൂജ എന്നിവ നടന്നു.