തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് എം.പി ഫണ്ടിൽ നിന്ന് ആംബുലൻസ് നൽകുമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ചതയദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ നടന്ന തിരുജയന്തി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു എം.പിയുടെ പ്രഖ്യാപനം. ആശുപത്രിക്കൊരു ആംബുലൻസ് വേണമെന്ന് എം.പിയായ കാലം മുതൽ ശിവഗിരി മഠം ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ എം.പിമാർക്ക് കിട്ടുന്ന ഫണ്ടെല്ലാം കൊവിഡ് കാരണം കേന്ദ്രസർക്കാർ തിരിച്ചെടുത്തതിനാൽ വാഗ്ദ്ധാനം നിറവേറ്റാനായില്ല. വീണ്ടും എം.പി ഫണ്ട് പുനരാരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിക്ക് ആംബുലൻസ് നൽകുമെന്ന് പ്രഖ്യാപിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.