തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരുമായുള്ള തുടർചർച്ചകൾ വഴിമുട്ടി നിൽക്കെ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര എം.എൻ സ്‌മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി.

സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിനിടെയായിരുന്നു യൂജിൻ പെരേരയുടെ നേതൃത്വത്തിൽ സമരസമിതി നേതാക്കളും വൈദികരും വൈകിട്ട് ആറരയോടെ എം.എൻ.സ്‌മാരകത്തിലെത്തിയത്. 15 മിനിട്ടോളം കൂടിക്കാഴ്‌ച നീണ്ടു. സി.പി.ഐയിലെ മറ്റ് പ്രമുഖ നേതാക്കളെയും സമരസമിതി അംഗങ്ങൾ കണ്ടു. ആവശ്യങ്ങൾ ന്യായമാണെന്നും അടിയന്തര പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കാനം സമരസമിതി നേതാക്കളോട് പറഞ്ഞെന്നാണ് വിവരം.

വരുംദിവസങ്ങളിൽ മറ്റ് രാഷ്‌ട്രീയ കക്ഷികളിലെ നേതാക്കളുമായും സമരസമിതി കൂടിക്കാഴ്‌ച നടത്തും. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും തുറമുഖ നിർമ്മാണത്തെ എതിർത്ത് ഇന്നും സർക്കുലർ വായിക്കും. വരുംദിവസങ്ങളിൽ ബഹുജനറാലി ഉൾപ്പെടെ സംഘടിപ്പിക്കാനാണ് തീരുമാനം.