വിഴിഞ്ഞം: തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുക,​ അതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ കേരള കാർഷിക സർവകലാശാലയിൽ 'ഖാരിഫ് ഫോറേജ് ഡേ' ആഘോഷിച്ചു. വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യ സംയോജിത തീറ്റപ്പുൽ ഗവേഷണ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് സെമിനാറും തീറ്റപ്പുൽ നടീൽ വസ്തു വിതരണവും നടത്തിയത്. കല്ലിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.കെ. ചന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഒഫ് റിസർച്ച് ഡോ. അനിത്. കെ.എൻ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. റോയ് സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. 'അരിപ്പയർ, 'സ്റ്റൈലോസാന്തസ് ' എന്നിവയുടെ ലഘുലേഖകൾ വാർഡ് മെമ്പർ ശ്രീജിൻ പാലപ്പൂര് പ്രകാശനം ചെയ്തു. കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, പദ്ധതിയുടെ പ്രൊഫസർ ആൻഡ് ഓഫീസർ ഇൻ ചാർജ് ഡോ.അമീന, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗായത്രി ജി എന്നിവർ പ്രസംഗിച്ചു.