a

തിരുവനന്തപുരം: സ്റ്രാൻലിയുടെ തട്ടുകടയ്‌ക്ക് 25 കൊല്ലമായി കിട്ടാത്ത പ്രശസ്‌തിയാണ് ഒറ്റനിമിഷം കൊണ്ട് കിട്ടിയത്. അതാകട്ടെ, രാഹുൽ ഗാന്ധിയുടെ പെരുമയിൽ. ഇന്നലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയും പ്രമുഖ കോൺഗ്രസ് നേതാക്കളും ചായയും ലഘുഭക്ഷണവും കഴിച്ചത് ഇവിടെനിന്നാണ്. നെയ്യാറ്രിൻകര ഉദിയൻകുളങ്ങര കുന്നത്തുവിള ജംഗ്ഷനിൽ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന തങ്ങളുടെ തട്ടുകടയ്‌ക്ക് അപ്രതീക്ഷിതമായി കിട്ടിയ പെരുമയുടെ സന്തോഷത്തിലാണ് സ്റ്രാൻലിയും കുടുംബവും.

രാഹുൽഗാന്ധിയെ കാണാനുള്ള കൗതുകത്തിൽ കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു സ്റ്രാൻലിയുടെ ഭാര്യ പ്രമീളയും മക്കളായ ആര്യയും ആനിയും. കുന്നത്തുവിള ജംഗ്ഷനിൽ പദയാത്ര എത്തിയപ്പോൾ അവരെ കണ്ട കെ.സി.വേണുഗോപാൽ ഓടിച്ചെന്ന് കുട്ടികളെ രാഹുൽഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുചെന്നു. അപ്പോഴാണ് രാഹുൽ തട്ടുകട കാണുന്നതും ചായകുടിക്കാൻ ആഗ്രഹം പറയുന്നതും. അടുത്ത നിമിഷം കടയുടെ വാതിൽ കടന്ന് രാഹുൽ എത്തി. ഒപ്പം കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, പാലോട് രവി തുടങ്ങിയവരും.

കടുപ്പത്തിലുള്ള ചായ രാഹുൽ ആസ്വദിച്ച് കുടിച്ചു. ഏത്തപ്പഴം, ഉഴുന്നുവട, കേക്ക് എന്നിവയും കഴിച്ചു. മറ്രുള്ളവർ ചായയും ജ്യൂസും. അപ്പോഴേക്കും കടയ്‌ക്ക് പുറത്ത് വൻജനക്കൂട്ടമായി. മാദ്ധ്യമ ഫോട്ടോഗ്രാഫർമാർ അടക്കം അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് വലയം തീർത്തു തടഞ്ഞു. 20 മിനിട്ടോളം കടയിൽ ചെലവഴിച്ച രാഹുൽ ഇറങ്ങും മുമ്പ് സ്റ്രാൻലിയോടും ഭാര്യയോടും പേരു ചോദിച്ച് ഹസ്തദാനം നൽകി. ആദ്യമായാണ് ഒരു ദേശീയ നേതാവ് കടയിലെത്തുന്നതെന്ന് പ്രമീള പറഞ്ഞു. അത് രാഹുൽ ഗാന്ധി ആയത് ഇരട്ടി സന്തോഷമായി.