
നെടുമങ്ങാട്: നെടുമങ്ങാട് കാർഷിക മൊത്ത വ്യാപാര വിപണിയിൽ ഓണത്തിന് കർഷകർ പട്ടിണി സമരം നടത്തി. കാർഷികോത്പന്നങ്ങൾ എത്തിക്കുന്ന കർഷകർക്ക് അഞ്ചു മാസമായി പണം ലഭിക്കാത്തതിനെ തുടർന്നാണിത്. 75 ലക്ഷം രൂപയാണ് കർഷകർക്ക് കിട്ടാനുള്ളത്.പണം ഓണത്തിനുമുമ്പ് നൽകുമെന്നാണ് ഓഫീസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിരുന്നത്.
ഹോർട്ടികോർപ്പാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുന്നത്. ഓരോ ആഴ്ചയിലും ശേഖരിക്കുന്ന പച്ചക്കറിയുടെ പണം അടുത്ത ആഴ്ചതന്നെ നൽകണമെന്നാണ് വ്യവസ്ഥ.എന്നാൽ, വർഷങ്ങളായി ഇത് മുടങ്ങിക്കിടക്കുകയാണ്.
പണം കടംവാങ്ങിയും പാട്ടത്തിനു ഭൂമിയെടുത്തും കൃഷി ചെയ്യുന്ന പാവപ്പെട്ട കർഷകരെയാണ് അന്താരാഷ്ട്രാ മാർക്കറ്റ് അധികൃതർ കബളിപ്പിക്കുന്നത്.നേരത്തെ സമാനമായ സ്ഥിതിയുണ്ടായപ്പോൾ മനുഷ്യാവകാശകമ്മീഷൻ ഇടപെട്ടാണ് കർഷകർക്ക് പണംവാങ്ങി നൽകിയത്. 150-ലധികം കർഷകരാണ് അഞ്ചു മാസമായി പണം കിട്ടാതെ കഷ്ടപ്പെടുന്നത്.നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ 2000-ലധികം കർഷക തങ്ങളുടെ ഉത്പന്നങ്ങൾ വിപണനത്തിന് എത്തിക്കുന്നത്. ഓരോ കർഷകനും 60000-രൂപ മുതൽ രണ്ടര ലക്ഷം വരെ കിട്ടാനുണ്ടെന്ന് കർഷകർ പറയുന്നു.