ഉദിയൻകുളങ്ങര: കേരള - തമിഴ്നാട് അതിർത്തി പങ്കിടുന്ന മലയോര - ഗ്രാമീണ മേഖലകളിൽ ബ്ലേഡ് മാഫിയ പാവപ്പെട്ടവരുടെ കഴുത്തറുത്ത് പലിശ വാങ്ങുന്നു. പലവിധ ആവശ്യങ്ങൾക്കായി പലിശയ്ക്ക് പണം എടുത്തവരെയാണ് ബ്ലേഡ് മാഫിയ നിരന്തരം ബുദ്ധിമുട്ടിക്കുന്നത്. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരുടെ തവണകൾ മുടങ്ങിയതോടെ ബ്ലേഡ് സംഘങ്ങൾ പണപ്പിരിവിനായി പല ഭാഗങ്ങളിലും ഗുണ്ടായിസം കാണിച്ചു തുടങ്ങിയത് അറിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് പരാതി ശക്തമാണ്.
ഒരു ലക്ഷം രൂപയിൽ അധികം വേണ്ടവരിൽ നിന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥത അവകാശമോ, വീട്, വസ്തു എന്നിവ ബ്ലേഡ് മാഫിയ സംഘത്തിന്റെ പേരിൽ പതിച്ചു വാങ്ങുന്നതാണ് മറ്റൊരു പതിവ്. പണവും പലിശയും തിരികെ നൽകിയതിന് ശേഷം ആധാരം തിരിച്ച് പതിച്ചു നൽകാൻ മാഫിയ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
ഇങ്ങനെ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങിയവർ നിരവധിയാണ്.
വിവാഹം, ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ബാങ്കുകളെ സമീപിച്ച് ലോൺ തരപ്പെടാൻ കാലതാമസം വരുന്നതിനാൽ ബ്ളേഡ് മാഫിയകളുടെ പിടിയിൽപ്പെടുന്നവരുടെ എണ്ണവും കുറവല്ല.
വട്ടംചുറ്റിച്ച് മാഫിയ
ചെറുകിട വ്യവസായികൾ മുതൽ ദിവസ വേതനക്കാർ വരെ ഇതിൽപ്പെടുന്നു. കൊവിഡ് മഹാമാരി തകർത്ത ജീവിതങ്ങൾ കരുപ്പിടിപ്പിക്കാൻ കൊള്ളപ്പലിശയ്ക് പണം കടമെടുത്തവരെല്ലാം ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. അമ്പൂരി, വെള്ളറട, പനച്ചമൂട്, കാരക്കോണം പാറശാല, അതിർത്തിയായ കളിയിക്കാവിള, ഇഞ്ചിവിള, കാരോട്, കുളത്തൂർ, വട്ടവിള, ഉദിയൻകുളങ്ങര, മര്യാപുരം, ധനുവച്ചപുരം തുടങ്ങിയ മേഖലകളിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും മലയോര കർഷക്കർക്കിടയിലുമായാണ് സംഘം പിടിമുറുക്കിയിരിക്കുന്നത്.
ഈടാക്കുന്നത് മീറ്റർ പലിശ
ചെറുകിട വ്യവസായികൾക്ക് കച്ചവടക്കാർക്ക് നൽകുന്ന 1000 രൂപയ്ക്ക് 200 രൂപ വരെ പലിശ വാങ്ങുന്നതിന് പുറമേ ഒരു ദിവസത്തിന് വരെ പലിശയ്ക്ക് നൽകുന്ന സംഘങ്ങളുമുണ്ട്. ചെറുകിട വ്യാപാരികളിൽ നിന്നുവരെ ഇവർ മീറ്റർ പലിശ ഈടാക്കുന്നുണ്ട്. പറഞ്ഞ സമയത്ത് പണവും പലിശയും തിരികെ നൽകാത്ത പക്ഷം വ്യാപാരികളുടെ കച്ചവടസാധനങ്ങൾ സംഘം കൈയടക്കുന്നതും പതിവാണ്.
കുരുക്ക് മുറുകുന്നു
അമ്പതിനായിരം രൂപ വാങ്ങിയവർ ഒരു ലക്ഷത്തിലധികം രൂപ വരെ തിരികെ നൽകിയിട്ടും പലിശ നിരക്കിൽ ഇനിയും ലഭിക്കാനുണ്ടെന്നുപറഞ്ഞ് വീടുകളിൽ അർദ്ധരാത്രികളിൽ വരെയെത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ഗുണ്ടകളെ ഭയന്ന് പരാതിപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും വ്യാപാരികൾ പറയുന്നു.