vellakkettu

വക്കം: നിലയ്ക്കാമുക്ക് ജംഗ്ഷനിലെ റോഡ് നവീകരണവും അനുബന്ധ പ്രവർത്തനങ്ങളും നിലച്ചു. കഴിഞ്ഞ മേയിലാണ് ഇവിടെ ഓടയുടെ നിർമ്മാണ പ്രവർത്തനവും റോഡ് നവീകരണവും ആരംഭിച്ചത്. അഞ്ച് മാസം കഴിഞ്ഞിട്ടും ഓടകളുടെ നിർമ്മാണ പ്രവർത്തനം പോലും പൂർത്തിയായിട്ടില്ല. നിർദ്ദിഷ്ട സ്ഥലങ്ങളിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റിയാൽ മാത്രമേ ഓട നിർമ്മാണം പൂർത്തിയാക്കാൻ കഴിയൂ. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.

നിലവിൽ ഓടകൾ നിർമ്മിച്ച സ്ഥലങ്ങളിൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ വെള്ളക്കെട്ടും ദുർഗന്ധവും കൂടി. ഓടകൾക്ക് മൂടിയില്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

നിലയ്ക്കാമുക്ക് മാർക്കറ്റിലെത്തുന്നവരും എതിർവശത്തെ യു.പി സ്കൂളിൽ എത്തുന്നവരും ഇതുകാരണം ദുരിതമനുഭവിക്കുകയാണ്. ആലംകോട് മുതൽ നിലയ്ക്കാമുക്ക് വരെയുള്ള ഭാഗങ്ങളിൽ നിരവധി സ്കൂളുകളും ഒരു കോളേജും പ്രവർത്തിക്കുന്നുണ്ട്. റോഡരികിലെ ഓട നിർമ്മാണം പോലും ഒരിടത്തും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡിനിരുവശങ്ങളിലെയും ഓട നിർമ്മാണം അശാസ്ത്രിയവും ദീർഘവീക്ഷണമില്ലാത്തതുമാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ റോഡ് നവീകരണം ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.