road

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡുകൾക്ക് നാമകരണം നടത്താൻ നഗരസഭകൾക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്യുന്നത് ക്രമക്കേടും അധികാര ദുർവിനിയോഗവുമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ. തിരുവനന്തപുരം നഗരസഭയിലെ പട്ടം വാർഡിൽ പട്ടം ചാലക്കുഴി മെഡിക്കൽ കോളേജ് റോഡിന് ആർച്ച് ബിഷപ്പ് മാർഗ്രിഗോറിയോസ് റോഡ് എന്ന് നാമകരണം ചെയ്ത തിരുവനന്തപുരം നഗരസഭയുടെ തീരുമാനം റദ്ദാക്കി ബോർഡ് നീക്കം ചെയ്യാനും ഉത്തരവിൽ നിർദ്ദേശിച്ചു. നഗരസഭാ സെക്രട്ടറിയെ എതിർകക്ഷിയാക്കി ഈ റോഡിൽ താമസിക്കുന്ന വിജയഭവനിൽ ജി.സതീഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് ഉത്തരവ്.

പട്ടം ചാലക്കുഴി മെഡിക്കൽ കോളേജ് റോഡ് നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതല്ല. 2019 ജൂലായ് 30ലെ നഗരസഭാ കൗൺസിൽ യോഗത്തിലായിരുന്നു നാമകരണ തീരുമാനം. റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും അവർ പരിരക്ഷിക്കുന്നതാണെന്നും പേരുമാറ്റാൻ മുനിസിപ്പാലിറ്റി നിയമപ്രകാരം നഗരസഭയ്ക്ക് അധികാരമില്ലെന്നും നഗരസഭാ സെക്രട്ടറി ബോധിപ്പിച്ചിരുന്നങ്കിൽ കൗൺസിൽ ഇങ്ങനെ തെറ്റായ തീരുമാനമെടുക്കുമായിരുന്നില്ല. സെക്രട്ടറി വീഴ്ചവരുത്തിയതിനാൽ തീരുമാനത്തിന്റെ ഉത്തരവാദിത്വവും സെക്രട്ടറിക്കാണ്. റോഡിന് പുതിയ പേരിട്ട് ബോർഡ് വച്ചിട്ടുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.