കരാറുകാരും അധികൃതരും തമ്മിൽ ധാരണയില്ല
തിരുവനന്തപുരം: വെട്ടിപ്പൊളിച്ചും മിനുക്കിപ്പണിതും അധികൃതരുടെ പരീക്ഷണവസ്‌തുവായി മാറിയ നഗരത്തിലെ ഭൂരിഭാഗം റോഡുകളുടെയും ദുർഗതി തുടരുന്നു. അടുത്തവർഷം ജൂണിൽ പൂർത്തിയാക്കേണ്ട സ്‌മാർട്ട് റോഡ് പദ്ധതി കരാറുകാരും അധികൃതരും തമ്മിൽ പഴിചാരലും മോശം കാലാവസ്ഥയും കാരണം വൈകുകയാണ്.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി നഗരസഭാ പരിധിയിലെ 40 റോഡുകളുടെ തുടർജോലികൾ ആരംഭിക്കുകയാണ് സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ ( എസ്.സി.ടി.എൽ ) ലക്ഷ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ 17 റോഡുകളുടെ പണികൾ ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. കോർപ്പറേഷൻ റോഡുകളുടെ കരാർ നിലവിലുള്ള കമ്പനിയിൽ നിന്ന് റദ്ദാക്കിയിരുന്നു. സ്‌കൂൾ കോളേജ് പരിസരങ്ങളിൽ ഉൾപ്പെടെ തിരക്കേറിയ പലയിടങ്ങളിലും റോഡുകളുടെ അവസ്ഥ ദയനീയമാണ്.
ഏകോപനവും
ധാരണയുമില്ല
പദ്ധതി വൈകിയതിന് മത്സരിച്ച് കാരണങ്ങൾ നിരത്തുകയാണ് അധികൃതരും കരാറുകാരും. തൊഴിലാളികളെ കിട്ടാനില്ലാത്തതും നിർമ്മാണ സാമഗ്രികൾ ലഭ്യമല്ലാത്തതുമായിരുന്നു ഒരുകാരണം. അഴുക്കുചാലുള്ളതായി അറിയിച്ചിരുന്നില്ലെന്നും സ്ഥലപരിചയമില്ലാത്ത തൊഴിലാളികൾ റോഡിനടിയിലൂടെ പോകുന്ന ഓട വെട്ടിപ്പൊളിച്ചതും കനത്ത നഷ്ടമുണ്ടാക്കിയെന്ന് കരാറുകാർ പറയുന്നു.
ഉത്സവസീസൺ കണക്കിലെടുത്ത് രണ്ടുമാസത്തിനുശേഷം റോഡുപണി വീണ്ടും തുടങ്ങി. ചെന്തിട്ട റോഡിലാണ് ജോലികൾ പുനരാരംഭിച്ചത്. ചെന്തിട്ട സ്ട്രീറ്റ്, ശ്രീമൂലം റോഡ്, കൊച്ചാർ റോഡ്, ചരിത്ര വീഥി റോഡ്, താലൂക്ക് ഓഫീസ് റോഡ് എന്നീ 5 റോഡുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി നവീകരിക്കാനാണ് എസ്.സി.ടി.എൽ ഉദ്ദേശിക്കുന്നത്. അടിയന്തര ആവശ്യം കണക്കിലെടുത്ത് ടെൻഡർ നടപടികളില്ലാതെ തന്നെ ഈ 167 മീറ്റർ റോഡ് നവീകരണത്തിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്താനും സ്‌മാർട്ട് സിറ്റി അധികൃതർ തീരുമാനിച്ചു. 40 റോഡുകളിൽ 23 എണ്ണത്തിൽ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല.