
പാലോട്: ജനങ്ങൾക്കും കാർഷിക വിളകൾക്കും വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ വനംവകുപ്പ് നടപ്പിലാക്കിയിരുന്ന സുരക്ഷാനടപടികൾ പാളിയതോടെ ജനവാസ മേഖലകളിൽ വന്യജീവിശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും കൃഷിക്കാരും തൊഴിലാളികളും ആക്രമണത്തിനിരയാകുന്നതും നിത്യസംഭവമായി. വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ നേരത്തെ വനംവകുപ്പ് സജ്ജീകരിച്ചിരുന്ന സൗരോർജവേലികളും ആനക്കിടങ്ങുകളുമെല്ലാം ഇപ്പോൾ വെറും കാഴ്ചവസ്തുക്കൾ മാത്രമാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടും നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ വനപാലകർ അറച്ചുനിൽക്കുന്നതായാണ് കർഷകർ ഉയർത്തുന്ന പരാതി. ആറു മാസത്തിനിടെ മുന്നൂറോളം കാട്ടുപന്നികളെ വെടിവച്ചു കൊന്നുവെന്നാണ് വനപാലകരുടെ സാക്ഷ്യപ്പെടുത്തൽ. എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റതും കൃഷിനാശം നേരിട്ടതുമായ കേസുകൾ ഇതിന്റെ പതിന്മടങ്ങാണ്.
ശല്യം ഇവിടം
പരുത്തിപ്പള്ളി, പേപ്പാറ, പാലോട്, കുളത്തൂപ്പുഴ വനം റേഞ്ചുകളുടെ അതിർത്തി ഗ്രാമങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്
ജനങ്ങളുടെ ജീവന് വിലയില്ല
കർഷകരും ടാപ്പിംഗ് തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് നിരപരാധികളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലും വീടുകളിലും ദുരിതത്തിൽ കഴിയുന്നത്. ഇടവം, മീരാൻവെട്ടികരിക്കകം, സെന്റ് മേരീസ്, പൊടിയക്കാല, അടിപറമ്പ്, പേത്തലകരിക്കകം, അഗ്രിഫാം, ഇടിഞ്ഞാർ പ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതും അടുത്തിടെയാണ്. തെങ്ങ്, കവുങ്ങ്, വാഴ മുതലായ വിളകളാണ് കാട്ടാന നശിപ്പിക്കുന്നത്. വിതുര,കുറ്റിച്ചൽ, അമ്പൂരി, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അധിവസിക്കുന്നവരും കാട്ടാനകളെ ഭയന്നാണ് ദിവസം തള്ളിനീക്കുന്നത്.
ജാഗ്രതാസമിതി പേരിൽ മാത്രം
കാട്ടുപന്നിശല്യം തുടർക്കഥയായ ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ഇടവേളകളിൽ ജാഗ്രതാസമിതികൾ ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്തതെന്നാണ് പൊതുവായ ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജാഗ്രതാസമിതികൾ യോഗം ചേർന്നാണ് പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകേണ്ടത്. ഇതിനകം ജാഗ്രതാസമിതികൾ രൂപീകരിച്ചിട്ടുള്ള പഞ്ചായത്തുകളിലാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊന്നത്..