mobin

കാട്ടാക്കട: നെയ്യാർ ഡാമിൽ കാണാതായ ആലപ്പുഴ കിഴക്കുംമുറി തെക്കേക്കര ബീനാ വില്ലയിൽ മോനച്ചന്റെയും ബീനയുടെയും മകൻ മോബിൻ മോനച്ചന്റെ (29) മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. നെയ്യാർഡാമിലെ ആശ്രമത്തിൽ യോഗാക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോബിൻ.

നാല് സുഹൃത്തുക്കൾക്കൊപ്പം മരക്കുന്നം റിസർവോയർ ഭാഗത്ത് കുളിക്കാനെത്തിയ മോബിൻ നീന്തലറിയാത്തതിനാൽ ജലാശയത്തിലേക്ക് തള്ളി നിൽക്കുന്ന മരക്കൊമ്പിൽ ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നെയ്യാർഡാം പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്നലെ രാവിലെയോടെ ഫയർഫോഴ്സിന്റെ സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സഹോദരി: മെൽബി മോനിച്ചൻ.