
തിരുവനന്തപുരം: കേരളനിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി സി.പി.എം സംസ്ഥാനസമിതി അംഗവും തലശ്ശേരിയിൽ നിന്ന് രണ്ടാംവട്ടം എം.എൽ.എയുമായ എ.എൻ. ഷംസീർ ഇന്ന് തിരഞ്ഞെടുക്കപ്പെടും. പ്രതിപക്ഷത്ത് നിന്ന് ആലുവയിൽ നിന്നുള്ള കോൺഗ്രസ് അംഗം അൻവർ സാദത്ത് മത്സരിക്കുന്നതിനാൽ വോട്ടെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക. രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിലാകും വോട്ടെടുപ്പ്. ഭരണമുന്നണിക്ക് 99ഉം പ്രതിപക്ഷത്തിന് 41ഉം അംഗങ്ങളാണ് സഭയിൽ. നിയമസഭയിൽ ഇടതുമുന്നണിക്ക് മൃഗീയഭൂരിപക്ഷമുള്ളതുകൊണ്ടുതന്നെ അദ്ഭുതമൊന്നും സംഭവിക്കാനില്ല.
പുതിയ സ്പീക്കർ ഔദ്യോഗികമായി സഭയിൽ അദ്ധ്യക്ഷപദമേറ്റെടുക്കുന്നതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ പൂർത്തിയാവുക. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. സ്പീക്കർ തിരഞ്ഞെടുപ്പിൽ വിപ്പ് നൽകാനാവില്ല. അതുകൊണ്ടുതന്നെ വോട്ട് ചോർച്ചയുണ്ടായാൽ നടപടിയെടുക്കാനുമാകില്ല. എന്നാൽ വോട്ടുകൾ ചോരാതിരിക്കാനും പാഴാവാതിരിക്കാനുമുള്ള തയാറെടുപ്പുകൾ ഇരുമുന്നണികളും നടത്തിയിട്ടുണ്ട്.
പ്രതിപക്ഷത്ത് മുസ്ലിംലീഗ് അംഗം യു.എ. ലത്തീഫ് ഹജ്ജ് തീർത്ഥാടനത്തിലായതിനാൽ നാല്പത് പേരേ വോട്ട് ചെയ്യാനെത്തൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് എൻ.ഡി.എയ്ക്ക് ലഭിച്ചിരുന്നത് ചർച്ചയായിരുന്നു. അന്ന് ഭരണ, പ്രതിപക്ഷ മുന്നണികൾ ഒരേ സ്ഥാനാർത്ഥിയെയാണ് പിന്തുണച്ചത്. ചോർന്ന വോട്ട് ആരുടേതാണെന്ന് കണ്ടുപിടിക്കാനായിട്ടില്ല.
എ.എൻ. ഷംസീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളും അൻവർ സാദത്തിന് വേണ്ടി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. സ്പീക്കറായിരുന്ന എം.ബി. രാജേഷ് തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടി വന്നത്. നിയമനിർമാണത്തിനായി ചേർന്ന കഴിഞ്ഞ നിയമസഭാസമ്മേളനം ഈ മാസം ഒന്നിന് സമാപിച്ചിരുന്നെങ്കിലും അത് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണറെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് സാങ്കേതികമായി ആ സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സമ്മേളനവും. ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭായോഗം ചേർന്ന് സമ്മേളനം പിരിച്ചുവിട്ടതായി അംഗീകരിച്ച് ഗവർണറോട് അഭ്യർത്ഥിക്കും.
ഏകകണ്ഠമായി അവസാനം സ്പീക്കറായത് എ.സി. ജോസ്
കേരള നിയമസഭയിൽ അവസാനമായി വോട്ടെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ എ.സി. ജോസാണ്. 1982ലാണത്. അന്ന് ഭരണ, പ്രതിപക്ഷ നിരകളിൽ തുല്യ അംഗങ്ങളായിരുന്നു. ആ സഭയിൽ പല സമ്മേളനങ്ങളിലും സഭയ്ക്കകത്ത് വോട്ടെടുപ്പുകൾ വേണ്ടിവന്നപ്പോൾ സ്പീക്കർ കാസ്റ്റിംഗ് വോട്ട് ചെയ്ത് സർക്കാരിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചതാണ് ചരിത്രമായത്.