തിരുവനന്തപുരം: വൈവിദ്ധ്യമാർന്ന കലാ - സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഇന്ന് നടക്കുന്ന ഓണാഘോഷ സമാപന ഘോഷയാത്രയ്ക്ക് മിഴിവേകും. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ കലാസംഘങ്ങളാണ് ഘോഷയാത്രയിലുണ്ടാകുക. ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്,രാജസ്ഥാൻ,ഗുജറാത്ത്,അസാം,നോർത്ത് കർണാടക,മഹാരാഷ്ട്ര,സൗത്ത് കർണാടക എന്നീ സംസ്ഥാനങ്ങളിലെ സുപ്രധാന കലാരൂപങ്ങളാണ് ഭാരത് ഭവന്റെ നേതൃത്വത്തിൽ സവിശേഷ രൂപകല്പനയോടെ ഘോഷയാത്രയിൽ അണിനിരക്കുന്നത്. വാദ്യഘോഷങ്ങൾക്കുമൊപ്പം കേരള പൊലീസിന്റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും.
കേന്ദ്ര,സംസ്ഥാന സർക്കാർ,അർദ്ധ സർക്കാർ ,സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകൾ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ പങ്കാളികളാകും. ഇതരസംസ്ഥാനങ്ങളിലേതുൾപ്പടെ കേരളത്തിലേയും തനത് കലാരൂപങ്ങളുൾപ്പടെ എൺപതോളം കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മിഴിവേകും. ആകെ 75 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. മുത്തുക്കുടയുമായി എൻ.സി.സി കേഡറ്റുകൾ ഘോഷയാത്രയുടെ മുന്നിലുണ്ടാകും.
അശ്വാരൂഢ സേന, ചവിട്ട് നാടകം, പരിചമുട്ടുകളി
പ്രധാന ബാനറിന് പിറകിൽ പൊലീസ് ബാൻഡ്, അശ്വാരൂഢ സേന, മുത്തുക്കുടയും വെഞ്ചാമരവുമേന്തിയ എൻ.സി.സി കേഡറ്റുകൾ,കൊമ്പ് പാട്ട്, ഗരുഡൻ പറവ,പൊയ്ക്കാൽ ,കുഴൽപ്പാട്ട് ,ഓട്ടൻതുള്ളൽ,ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ,ചാക്യാർകൂത്ത്, കൂടിയാട്ടം,പൂക്കാവടി,തെയ്യം,സൂമ്പാഡാൻസ്,വേലകളി,കേരളനടനം, മോഹിനിയാട്ടം,പൂരക്കളി,ഓലക്കുട,ഒപ്പന, മാർഗ്ഗം കളി, അർജുന നൃത്തം, ചവിട്ട് നാടകം, പരിചമുട്ടുകളി, പാക്കനാർ കളി, കമ്പടവ് കളി തുടങ്ങിയ 39 കലാരൂപങ്ങൾ അണിനിരക്കും. പിന്നാലെ ആദ്യ ഫ്ളോട്ട് ടൂറിസം വകുപ്പ് അവതരിപ്പിക്കും. രണ്ടാമത്തെ ഫ്ളോട്ട് നവകേരള കർമ്മ സമിതിയുടേതായിരിക്കും. തുടർന്ന് ചെണ്ടമേളം,കേരളപൊലീസ് അവതരിപ്പിക്കുന്ന ഫ്ളോട്ട്, തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ളോട്ട്,പിന്നാലെ ശിങ്കാരിമേളം.തിരുവനന്തപുരം കോർപ്പറേഷൻ ,ധനകാര്യ വകുപ്പ്,സിവിൽ സപ്ലൈസ്,മോട്ടോർ വാഹനവകുപ്പ്,മൃഗസംരക്ഷണ വകുപ്പ്,വനം വകുപ്പ്, വനിതാശിശുവികസന വകുപ്പ്,സർവേ ഭൂരേഖ വകുപ്പ്,ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിങ്ങനെ 75 വകുപ്പുകളുടെ ഫ്ളോട്ട് അണിനിരക്കും. ഇവയ്ക്കൊപ്പം വനിതാ ശിങ്കാരിമേളം, ബാൻഡ് മേളം, പൂക്കാവടി തുടങ്ങി വിവിധങ്ങളായ കലാരൂപങ്ങളും അണിനിരക്കും.