
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ രണ്ടാംദിനമായ ഇന്നലെ തിരക്ക് ഒഴിവാക്കി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കൈക്കൊണ്ട നടപടി പൊലീസും സേവാദൾ പ്രവർത്തകരും തമ്മിൽ ഉരസലിന് വഴിവെച്ചു. പൂർണ്ണമായും നഗരമദ്ധ്യത്തിലൂടെ സഞ്ചരിച്ച യാത്രയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കൂട്ടമായി നടന്ന രാഹുൽ ഗാന്ധിയെ കാത്തു നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കാണാൻ കഴിയുന്നില്ലെന്ന പരാതിയും ആദ്യദിവസം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പൊലീസ് രാഹുലിനടുത്തേയ്ക്ക് ആരെയും കടക്കാൻ അനുവദിക്കാത്ത വിധം വടം ഉപയോഗിച്ച് ചതുരാകൃതിയിൽ പ്രത്യേക മേഖല തിരിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഇടപെടലിൽ രാഹുലിനെ കാണാനാകുന്നില്ലെന്ന പരാതിയിൽ പാലോട് രവിയും ഷാഫി പറമ്പിലും സമയോചിതമായി ഇടപെട്ടതിനാൽ രംഗം കൂടുതൽ വഷളായില്ല.
കരമന ജംഗ്ഷൻ കഴിഞ്ഞ യാത്രയ്ക്കിടെ രണ്ട് വനിതാ പ്രവർത്തകരെ കടത്തിവിടാൻ ശ്രമിച്ച പി.സി.വിഷ്ണുനാഥിനെ എം.എൽ.എ ആണെന്നറിയാതെ പൊലീസ് തടഞ്ഞത് ചെറിയ സംഘർഷത്തിനിടയാക്കി. നഗരത്തിലെ വീതി കുറഞ്ഞ പാതകളിലൂടെയുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. രാഹുൽഗാന്ധിയുടെ ഇടപെടൽ മൂലം അനൗൺസ്മെന്റ് വാഹനത്തിലെ ഉച്ചഭാഷിണികളുടെ ശബ്ദവും നല്ല രീതിയിൽ കുറച്ചിരുന്നു.