തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര ഇന്നലെ രാവിലെ ആരംഭിച്ചത് നേമം നിയോജക മണ്ഡലത്തിൽ നിന്നാണ്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് രാഹുലിനൊപ്പം വെള്ളായണി ജംഗ്ഷൻ മുതൽ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ വരെ അണിചേർന്നത്.

കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തേക്ക് കോൺഗ്രസ് പിന്തള്ളപ്പെട്ട നേമത്ത് എത്രമാത്രം ആൾക്കാരെത്തുമെന്ന കാര്യത്തിൽ നേതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. ബൂത്ത് കമ്മിറ്റികൾ പോലും സജീവമല്ലാത്ത മണ്ഡലത്തിൽ നേതാക്കളുടെ പ്രതീക്ഷകളെ കവച്ചുവയ്‌ക്കുന്ന രീതിയിലായിരുന്നു പ്രവർത്തകർ വെള്ളായണി ജംഗ്ഷനിലെത്തിയത്. ആശങ്കയുള്ള പ്രദേശമായതിനാൽ അതിരാവിലെ തന്നെ നേതാക്കളെല്ലാം വെള്ളായണിയിൽ തമ്പടിച്ചിരുന്നു.

യാത്രയുടെ മുൻനിര പാപ്പംനംകോട് ജംഗ്‌ഷനിലെത്തിയപ്പോഴും പിൻനിര ഒരു കിലോമീറ്റർ അപ്പുറമുള്ള കാരയ്‌ക്കാമണ്ഡപത്തായിരുന്നു. മണ്ഡലത്തിൽ കോൺഗ്രസിന് സ്വാധീനമുള്ള ന്യൂനപക്ഷ മേഖലകളിൽ വൻ ജനക്കൂട്ടമാണ് രാഹുലിനെ കാണാനെത്തിയത്. കഴിഞ്ഞ രണ്ടുദിവസവും വാട്‌സാപ്പിലൂടെയടക്കം എല്ലാ പ്രവർത്തകരോടും യാത്രയ്‌ക്കായി എത്തണമെന്ന് ബ്ലോക്ക് പ്രസിഡന്റ് തമലം കൃഷ്‌ണൻകുട്ടി കർശന നിർദ്ദേശം നൽകിയിരുന്നു. മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ ഉൾപ്പെടെയുള്ളവർ യാത്രയുടെ ക്രമീകരണങ്ങൾക്കായി ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കൊപ്പം ഉണ്ടായിരുന്നു. ഇത്രയധികം പ്രവർത്തകർ എത്തിച്ചേർന്ന ഒരു പരിപാടി നേമം മണ്ഡലത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് ബ്ലോക്ക് സെക്രട്ടറി സി.എസ്. രതീഷ് പറഞ്ഞു.

മികച്ച ഏകോപനം,

ആംബുലൻസുകൾക്ക്

വഴിമാറി രാഹുൽ

പ്രവൃത്തി ദിവസവും നഗരത്തിലെ ഓണാഘോഷങ്ങളുടെ സമാപനദിവസവുമായ ഇന്നലെ നഗരമദ്ധ്യത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോൾ ഗതാഗത ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ് നടത്തിയ സേവനം ശ്രദ്ധേയമായി. തുടക്കസമയത്ത് വെള്ളായണി ജംഗ്ഷനിൽ അല്പം ഗതാഗതക്കുരുക്ക് ഉണ്ടായതൊഴിച്ചാൽ വലിയ പ്രശ്‌നങ്ങൾ നഗരത്തിലുണ്ടായിരുന്നില്ല.

ഇന്നലെ വെളുപ്പിനുതന്നെ കരമന-കളിയിക്കാവിള ദേശീയപാതയിൽ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. യാത്ര എത്തുന്നതിന് രണ്ട് മിനിട്ട് മുമ്പു മാത്രമാണ് അതത് സ്ഥലങ്ങളിലെ റോഡുകൾ ബ്ലോക്ക് ചെയ്‌തത്. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്. രാഹുൽഗാന്ധി വെള്ളായണി മുതൽ തമ്പാനൂർ വരെ നടക്കുന്നതിനിടെ ആറ് ആംബുലൻസുകളാണ് കടന്നുപോയത്. ആംബുലൻസുകളുടെ ശബ്‌ദം കേൾക്കുമ്പോൾ തന്നെ നേതാക്കളോട് ഒതുങ്ങിനടക്കാൻ രാഹുൽഗാന്ധി പറയുന്നുണ്ടായിരുന്നു.

സേവാദൾ വോളന്റിയർമാർ പൊലീസിനൊപ്പം നിന്ന് ആംബുലൻസുകൾ കടന്നുപോകുന്നതിനുളള ക്രമീകരണമൊരുക്കി. പ്രവൃത്തി ദിവസമായതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകരുതെന്നും യാത്ര അച്ചടക്കത്തോടെ പോയാൽ മാത്രമേ പങ്കെടുക്കൂവെന്നും രാഹുൽ ജില്ലാ നേതാക്കളോട് പറഞ്ഞിരുന്നു. വെള്ളായണിയിൽ രാഹുലെത്തുന്നതിന് മുന്നോടിയായി പാലോട് രവി ഇക്കാര്യം പലതവണ അനൗൺസ്‌‌ ചെയ്‌തു.