
ചിറയിൻകീഴ്: ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിച്ചു. ചിറയിൻകീഴ് വലിയകടയിൽ നിന്നാരംഭിച്ച ഘോഷയാത്ര ശാർക്കര പറമ്പിൽ സമാപിച്ചു.
മഹാബലിയുടെ വേഷം ധരിച്ചയാളിന് പിന്നാലെ അമൃതാ സ്വാശ്രയ സംഘത്തിലെ സ്ത്രീകൾ മുത്തുക്കുടകളുമായി അണിനിരന്നു. പുലിക്കളി, ശിങ്കാരിമേളം, വിവിധ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയുടെ ആകർഷണമായി. സമാപനത്തോടനുബന്ധിച്ച് ശാർക്കര മൈതാനിയിൽ 101 പേരുടെ തിരുവാതിരക്കളിയും നടന്നു. ഘോഷയാത്ര ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു.
സ്വാമി ശിവാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി. ശശി എം.എൽ.എ, അമൃത സ്വാശ്രയ സംഘം ആശ്രമം പ്രസിഡന്റ് സി. വിഷ്ണുഭക്തൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, വൈസ് പ്രസിഡന്റ് സരിത, അൻസാർ, പ്രശാന്തൻ, ഉണ്ണിക്കൃഷ്ണൻ, മോഹനൻ നായർ, ഹാഷിം തുടങ്ങിയവർ പങ്കെടുത്തു. അമൃതാ സ്വാശ്രയ സംഘം ചിറയിൻകീഴ് ആശ്രമം പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.