
തിരുവനന്തപുരം: വലിയതുറയിൽ പോക്സോ കേസ് പ്രതി പൊലീസുകാരെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം. കല്ലേറിൽ എസ്.ഐക്കും സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. പെൺകുട്ടിയെ കത്തി കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറും വലിയതുറ സ്വദേശിയുമായ ജിജോ ബാബുവാണ് (36) പൊലീസിനെ ആക്രമിച്ചത്.തുടർന്ന് ഇയാളെ സാഹസികമായി പൊലീസ് കീഴടക്കി. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുടെ വീട്ടുകാർ പീഡന പരാതി നൽകിയത്. തുടർന്ന് ചെറിയതുറ ഭാഗത്തുവച്ച് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് പ്രതി രക്ഷപ്പെടാൻ കല്ലെറിഞ്ഞത്. കല്ലേറിൽ സിവിൽ പൊലീസ് ഓഫീസർ വരുൺഘോഷിന്റെ തലയ്ക്കും എസ്.ഐ അഭിലാഷിന്റെ കാലിനും പരിക്കുപറ്റി. പരിക്കേറ്റിട്ടും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തീരത്തുവച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് കീഴടക്കുകയായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷമാണ് രണ്ടു പൊലീസുകാരും ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രതിയുടെ വീട് പരിശോധിച്ചതിൽ എം.ഡി.എം.എ അടങ്ങിയ ലഹരി വസ്തുക്കളും കണ്ടെത്തി. ഇയാൾ പ്രദേശത്തെ ലഹരി കടത്തിന്റെ കണ്ണിയാണെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പീഡനം,ലഹരി മരുന്നുകേസ്,പൊലീസിനെ ആക്രമിച്ച കേസ് എന്നിവ ചാർജ് ചെയ്തിട്ടുണ്ട്.