rahul-gandhi

 രണ്ടാംദിനം യാത്ര സമാപിച്ചത് കഴക്കൂട്ടത്ത്

തിരുവനന്തപുരം: സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, സാമുദായിക രംഗങ്ങളിലെ പ്രശസ്തരുമായും കലാകാരന്മാരുമായും ആശയവിനിമയം നടത്തിയും അവരുടെ അഭിപ്രായ നിർദ്ദേശങ്ങൾക്ക് ചെവികൊടുത്തുമാണ് ഇന്നലെ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാംദിന പര്യടനം പൂർത്തിയാക്കിയത്. എല്ലാ വിഭാഗങ്ങളെയും കേൾക്കാനുള്ള സന്നദ്ധതയിലൂടെ പദയാത്രയ്ക്ക് കേവല രാഷ്ട്രീയത്തിന്റെ നിറമല്ലെന്ന് അടിവരയിടാനുമായി.

കോൺഗ്രസ് പ്രവർത്തകർക്കിടയിൽ രാഹുലിന്റെ സാന്നിദ്ധ്യം ഒരു തരംഗമായി പടരുന്നതിന്റെ സാക്ഷ്യമായിരുന്നു ഇന്നലെ തലസ്ഥാനം കണ്ട ജനക്കൂട്ടം. ഞായറാഴ്ച രാത്രിയിൽ നേമത്ത് സമാപിച്ച യാത്ര ഇന്നലെ രാവിലെ 7ന് വെള്ളായണി ജംഗ്ഷനിൽ നിന്നാണ് പുനരാരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം ഹസൻ, കെ.മുരളീധരൻ, ശശി തരൂർ,കൊടിക്കുന്നിൽ സുരേഷ്, എൻ.ശക്തൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, ടി.ശരത് ചന്ദ്രപ്രസാദ്, ജെബി മേത്തർ, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, എം.വിൻസന്റ്, ജി.എസ്.ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു.

നഗര പാതകളിലൂടെ നീങ്ങിയ പദയാത്രയിലേക്ക് ആദ്യദിവസത്തിന്റെ തുടർച്ചയെന്നോണം ജനക്കൂട്ടം ഒഴുകിയെത്തി. തുടക്കത്തിൽ നടത്തമായിരുന്നില്ല, ചെറിയ ഓട്ടംതന്നെയായിരുന്നു. നേതാവിന്റെ പ്രസരിപ്പ് തങ്ങളിലേക്ക് ആവാഹിച്ച് പ്രവർത്തകരും ഒഴുക്കുള്ള നദിപോലെ നീങ്ങി. കരമന ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരൻ എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ കിള്ളിപ്പാലത്ത് യാത്രയിൽ അണിചേർന്നു. അപകടം ഉണ്ടായ സാഹചര്യം അവർ രാഹുലിനോട് വിശദീകരിച്ചു.

കരമനയിലും പി.എം.ജി ജംഗ്ഷനിലും കുപ്പിവെള്ളവും പഴവും വിതരണം ചെയ്താണ് പ്രവർത്തകർ യാത്രയെ വരവേറ്റത്. പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. 11 കിലോമീറ്റർ പിന്നിട്ട് 9.55ന് യാത്രയുടെ ആദ്യപാദം പട്ടത്ത് സമാപിച്ചു. ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമായിരുന്നു രാഹുലിന്റെ ഉച്ചഭക്ഷണം. തുടർന്ന് ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണം. മുതിർന്ന നേതാവ് എ.കെ.ആന്റണിയുമായി അല്പനേരം കൂടിക്കാഴ്ച. വൈകിട്ട് നാലേമുക്കാലിന് കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിച്ചു. അഞ്ചിന് ഉള്ളൂർ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ രണ്ടാം പാദം കഴക്കൂട്ടത്ത് സമാപിച്ചു. പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും ഇന്നലെ യാത്രയിൽ പങ്കെടുത്തു.