cash-

ഓണക്കാലത്ത് 15,000 കോടിയുടെ ചെലവുകൾ ഖജനാവ് കാലിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 4000 കോടി രൂപ സർക്കാർ കടമെടുത്തതിന് പുറമെ 1683 കോടി രൂപ റിസർവ് ബാങ്കിൽ നിന്ന് മുൻകൂർ കൈപ്പറ്റുകയും ചെയ്തു.

ഓണക്കാലത്തെ ചെലവ് പ്രളയകാലത്തെ ചെലവ് പോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്നതല്ല. അതുപോലെ തന്നെ ജീവനക്കാർ പിരിയുന്ന മാർച്ച് മാസത്തിൽ ഉണ്ടാകുന്ന ചെലവും മുൻക‌ൂട്ടി കാണാവുന്നതാണ്. ക്ഷേമപെൻഷനുകൾ പോലുള്ളവ സമയാസമയത്ത് നൽകാതിരുന്ന് എല്ലാം കൂടി ഓണത്തിന് മുൻപേ നൽകുന്നതാണ് ചെലവ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നത്. പലപ്പോഴും ചെലവുകൾ മുൻകൂട്ടിക്കണ്ട് ചെലവുകൾ ക്രമീകരിക്കാൻ കഴിയാത്ത ധനകാര്യ മാനേജ്മെന്റിന്റെ പരാജയമാണ് ട്രഷറി കാലിയാക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നത്. ഓണക്കാലം ചെലവിന്റേത് എന്നതുപോലെ തന്നെ കച്ചവടങ്ങൾ ഇരട്ടിയോളം കൂടുമെന്നതിനാൽ പരോക്ഷ നികുതി വരുമാനം കൂടുന്ന കാലയളവ് കൂടിയാണ്.

സർക്കാരിന്റെ വരവുകളെല്ലാം നികുതിയിൽനിന്ന് ഉണ്ടാകണമെന്നത് പഴയ ധനകാര്യ സമീപനമാണ്. നികുതി വർദ്ധിപ്പിച്ച് വരവ് കൂട്ടുക എന്നത് പലപ്പോഴും തിരിച്ചടി സമ്മാനിക്കും. ആ രീതിയിലുള്ള നിർദ്ദേശം ഉദ്യോഗസ്ഥരിൽ നിന്ന് സ്വീകരിക്കുന്ന സർക്കാരുകൾ ജനങ്ങളുടെ അതൃപ്തിയാണ് ക്ഷണിച്ചുവരുത്തുന്നത്. ഇതിൽനിന്ന് മാറി സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള നവീനമായ ധനകാര്യ ആശയങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയനേതൃത്വം ഇച്ഛാശക്തി കാണിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ അതു മറികടക്കാൻ വ്യവസ്ഥാപിതമായ എളുപ്പമാർഗങ്ങൾ അവലംബിക്കാതെ, പക്ഷംപിടിക്കാതെ സ്വതന്ത്രമായി ചിന്തിക്കുന്ന സാമ്പത്തിക വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ തേടി, പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഓവർഡ്രാഫ്റ്റിലേക്ക് പോകുന്നതിന് മുമ്പ് സർക്കാർ അതാണ് ആലോചിക്കേണ്ടത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ഓണത്തിന് ആർക്കും പണം നൽകാതിരിക്കാനല്ല മറിച്ച് ട്രാൻസ്‌പോർട്ട് ജീവനക്കാർക്ക് ഉൾപ്പെടെ ഒരു കുറവും വരുത്താതെ പണം നൽകാൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെയാണ്. ചെലവ് കുറച്ച് വരവ് കൂട്ടാമെന്ന് പറയുന്നതുപോലും ഇപ്പോഴത്തെ കാലത്ത് പ്രായോഗികമല്ല. ചെലവിന്റെ രണ്ടിരട്ടി വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്.

കേരളത്തിന്റെ കരിമണൽ സമ്പത്ത് വ്യാവസായികമായി വേണ്ടരീതിയിൽ വിനിയോഗിക്കാനുള്ള മാർഗങ്ങൾ തുറന്നാൽത്തന്നെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിയും. അതൊക്കെ ഇനി എന്നാണുണ്ടാവുക? ആരാണ് അതിന് രാഷ്ട്രീയ എതിർപ്പുകൾ കൂസാതെ മുൻകൈയെടുക്കുക എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്. ഉൾനാടൻ ജലപാതാ പദ്ധതി പൂർത്തിയാക്കിയാൽത്തന്നെ ടൂറിസം വരുമാനം ഇരട്ടിയാകും. പലപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നാണ് പുതിയ സാമ്പത്തിക ടേക്ക് ഓഫിനുള്ള പാഠങ്ങൾ ഉരുത്തിരിഞ്ഞ് വരാറുള്ളത് എന്നത് മറക്കരുത്.