
തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ.ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന എം.ബി .രാജേഷ് മന്ത്രിയാകാൻ രാജി വച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ഷംസീറിന്
96 ഉം യു.ഡി.എഫിലെ എതിർ സ്ഥാനാർത്ഥി അൻവർസാദത്തിന് 40 ഉം വോട്ടുകൾ ലഭിച്ചു.
ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് ഷംസീറിനെ ഇരിപ്പിടത്തിലേക്കാനയിച്ചു. തലശേരിയിൽ നിന്ന് രണ്ടാം വട്ടമാണ് ഷംസീർ നിയമസഭാംഗമായത്. അമേരിക്കയിലുള്ള മന്ത്രി റോഷി അഗസ്റ്റിനും ദലീമയ്ക്കും, ഉംറയ്ക്ക് പോയ യു.എ.ലത്തീഫിനും
എത്താനായില്ല. ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വോട്ട് ചെയ്തില്ല. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.