
തിരുവനന്തപുരം: ഏതു നിമിഷവും കടുത്തവാക്കുകളുമായി പ്രതിപക്ഷത്തിനു നേർക്ക് കൂരമ്പുകൾ തൊടുത്തുവിടുന്ന എ. എൻ. ഷംസീറിന് പകരം, പക്ഷഭേദം മാറ്റിവച്ച് പ്രതിപക്ഷത്തെ പ്രശംസിക്കുന്ന ഷംസീറിനെയാണ് ഇന്നലെ നിയമസഭ കണ്ടത്.
സ്പീക്കർ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനു മുൻപുതന്നെ വിജയം ഉറപ്പായിരുന്ന ഷംസീർ, വോട്ടുചെയ്തശേഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രതിപക്ഷ അംഗങ്ങൾക്കും ഹസ്തദാനം നടത്തി. ഉമ്മൻചാണ്ടിയുമായി ദീർഘനേരം സംസാരിക്കുകയും ചെയ്തു.
ഷംസീറിന്റെ കടുത്ത വിമർശനങ്ങൾ ഓർമ്മയുള്ളതുകൊണ്ടാകാം,
ആശംസ നേർന്നവരെല്ലാം പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സ്പീക്കറുടെ കടമയാണെന്ന് ഓർമ്മിപ്പിച്ചു. ജനഹിതം അറിയുന്ന സർക്കാരും ക്രിയാത്മകമായ പ്രതിപക്ഷവും മറ്റൊരു ശ്രദ്ധേയമായ കേരളാ മോഡലാണെന്ന് മറുപടി നൽകി ഷംസീർ എല്ലാവരെയും കൈയിലെടുത്തു. ഉന്നത പാർലമെന്ററി മര്യാദ പാലിക്കുന്ന പ്രതിപക്ഷവും പ്രതിപക്ഷ നേതാവും നിയമസഭയുടെ കരുത്താണെന്നും ഇത് നിയമസഭാ നടത്തിപ്പ് ആയാസരഹിതമാക്കുമെന്നും പുകഴ്ത്തി. ഉത്തമ മാതൃകകളായ മുൻ സ്പീക്കർമാരെ അനുസ്മരിച്ച ശേഷം, താൻ ജനിക്കും മുൻപേ നിയമസഭാംഗങ്ങളാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻചാണ്ടി, പി.ജെ.ജോസഫ് എന്നിവരുടെ സാമീപ്യം തന്നെ വിനീതനാക്കുന്നെന്നും ഷംസീർ പറഞ്ഞു. നിയമസഭയുടെ ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കുന്നത് പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും ഈ ശുപാർശകൾ കൂടി പരിഗണിച്ച് സഭയുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഷംസീർ പറഞ്ഞു.
ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ്ജ് ഇലിയറ്റിന്റെ വാക്കുകൾ സ്പീക്കറായശേഷം ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. ഭരണപക്ഷത്തോടൊപ്പം സഭയിലെ പ്രധാന ശക്തിയായ പ്രതിപക്ഷത്തെയും കേൾക്കും. അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകി സഭയെ നയിക്കും. വ്യക്തിപരമായി നല്ല ബന്ധവും ആത്മാർത്ഥമായ സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷത്തുള്ളത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുൻ സ്പീക്കർമാരായ പി.ശ്രീരാമകൃഷ്ണൻ, എം.ബി രാജേഷ്, സീനിയറായ ഭരണ - പ്രതിപക്ഷ സഹസാമാജികർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കും. നിയമസഭയെ കൂടുതൽ തിളക്കമാർന്നതാക്കാൻ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും ആറുവർഷം നിയമസഭയിൽ നിന്നുലഭിച്ച അനുഭവവും കൈമുതലാക്കി കഴിവിന്റെ പരമാവധി പ്രവർത്തിക്കും- ഫേസ്ബുക്കിൽ ഷംസീർ വ്യക്തമാക്കി.