പൊലീസിന് നേരെയും ആക്രമണം
വെള്ളറട: കാരക്കോണത്ത് ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെ യുവാക്കൾ തമ്മിലുണ്ടായ സംഘർഷമറിഞ്ഞെത്തിയ പൊലീസിനുനേരെ ആക്രമണം. ഞായറാഴ്ച രാത്രി 10ഓടെയാണ് യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറടയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയത്.
സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ്, ജീപ്പ് ഡ്രൈവർ, സി.പി.ഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലാത്തി പിടിച്ചുവാങ്ങി തറയിൽ അടിച്ചുപൊട്ടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ധനുവച്ചപുരം സ്വദേശി സുഭാഷ്, കാരക്കോണം മെൻസ് വെയർ ഉടമ സോജൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ ആക്രമിച്ചത്. സ്ഥലത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.