തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ ദർശനം നടത്തി രാഹുൽഗാന്ധി. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് രാഹുൽ ക്ഷേത്രത്തിലെത്തിയത്. വിശ്രമസ്ഥലമായ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ തന്നെ കാണാനെത്തിയ എ.കെ. ആന്റണിയെയും കൂടെക്കൂട്ടിയായിരുന്നു രാഹുലിന്റെ വരവ്.

രാഹുലെത്തുന്നതറിഞ്ഞ് പ്രദേശവാസികൾ ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പഴവർഗങ്ങൾ അടങ്ങിയ തട്ടം പൂജയ്‌ക്കായി അദ്ദേഹം സമർപ്പിച്ചു. ക്ഷേത്രത്തിന് ചുറ്റും വലംവച്ച് തൊഴുതശേഷം ശ്രീവിദ്യാധിരാജ അന്തർദേശീയ പഠനഗവേഷണ കേന്ദ്രത്തിലെത്തിയ രാഹുലിനെ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ പൊന്നാടയണിയിച്ചു. ക്ഷേത്രത്തിൽ രാഹുലിനുവേണ്ടി പ്രത്യേക പൂജ നടന്നു. ചട്ടമ്പിസ്വാമിയെപ്പോലൊരു സാമൂഹ്യ പരിഷ്‌കർത്താവിന്റെ ജന്മസ്ഥാനത്തെത്തിയതിൽ സന്തോഷമെന്ന് സന്ദർശക രജിസ്റ്ററിൽ അദ്ദേഹം എഴുതി. സംഗീത് കുമാർ സമ്മാനിച്ച പുസ്‌തകങ്ങളും വാങ്ങിയാണ് രാഹുൽ മടങ്ങിയത്.

കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, പാലോട് രവി, വി.എസ്. ശിവകുമാർ, വീണ എസ്. നായർ, ജി.വി. ഹരി, പ്രതാപ ചന്ദ്രൻ, ഡോ.എസ്.എസ്. ലാൽ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, എം. വിനോദ് കുമാർ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.