
* 20 മുതൽ ഒരുമാസം മാസ് വാക്സിനേഷൻ
* വാക്സിനേഷന് എത്തിച്ചാൽ 500 രൂപ
* എല്ലാ പഞ്ചായത്തിലും ഷെൽട്ടറുകൾ
തിരുവനന്തപുരം: തെരുവ് നായ ആക്രമണം വൻഭീഷണിയായി മാറിയിരിക്കെ അക്രമകാരികളും പേപിടിച്ചതുമായവയെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടാനും ഈ മാസം 20 മുതൽ ഒക്ടോബർ 20വരെ മാസ് വാക്സിനേഷൻ ഡ്രൈവിനും സർക്കാർ തീരുമാനം. ദിവസം 10000 നായ്ക്കൾക്ക് വാക്സിനേഷനാണ് ലക്ഷ്യം. വാക്സിനേഷന് എത്തിച്ചാൽ ഒന്നിന് 500 രൂപ വച്ച് നൽകും.
അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള അനുമതിയും സുപ്രീംകോടതിയോട് തേടും.
സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവു നായ്ക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 6 ലക്ഷം വയൽ വാക്സിൻ സ്റ്റോക്കുണ്ട്. കൂടുതൽ വാങ്ങാൻ അനുമതി നൽകും. തെരുവുനായ്ക്കളെ പാർപ്പിക്കാൻ എല്ലാ പഞ്ചായത്തിലും ഷെൽട്ടറുകൾ തുറക്കും. 76 എ.ബി.സി കേന്ദ്രങ്ങളും തുറക്കും. നിലവിൽ 37എണ്ണമുണ്ട്.
28ന് കേസ് പരിഗണിക്കുമ്പോൾ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നായ്‌ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ആരോഗ്യം വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയ മാതൃകയിൽ ജനജീവിതത്തിന് ഭീഷണിയായ നായ്ക്കളെയും കൊല്ലാനുള്ള അനുമതിയാണ് തേടുക. കുടുംബശ്രീക്ക് എ.ബി.സി പദ്ധതി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചതാണ് രൂക്ഷമായ നായശല്യത്തിന് ഒരു കാരണം.
കൊവിഡുകാലത്ത് ആൾക്കാർ പുറത്തിറങ്ങാതായതോടെ നായ്ക്കൾക്ക് മനുഷ്യരുമായുള്ള സമ്പർക്കം കുറഞ്ഞു. മനുഷ്യരുടെ മേൽക്കോയ്മ അംഗീകരിക്കാത്ത പുതിയ തലമുറകളുണ്ടായതും അവയുടെ എണ്ണം പെരുകിയതുമാണ് മറ്റൊരു കാരണം.
കഴിഞ്ഞ വർഷം 1.9 ലക്ഷവും ഈ വർഷം ഇതുവരെ 1.70 ലക്ഷവും നായ്ക്കൾക്ക് വാക്സിൻ നൽകി. സംസ്ഥാനത്ത് രണ്ടാഴ്ചയിലും ജില്ലയിൽ ആഴ്ചതോറും തദ്ദേശങ്ങളിൽ ദിവസവും നടപടി വിലയിരുത്തും. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നോഡൽ ഓഫീസറാകും.
എ.ബി.സി കാര്യക്ഷമമാക്കും
* വാക്സിനേഷൻ ഡ്രൈവിനൊപ്പം എ.ബി.സി പദ്ധതി കാര്യക്ഷമമാക്കലും ജനകീയ ബോധവത്കരണവും
*ശല്യം രൂക്ഷമായ ഇടങ്ങളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ശക്തമായ നടപടികൾ
* വളർത്തുനായ്ക്കൾക്ക് ഒക്ടോബർ 30നകം വാക്സിൻ എടുത്തിരിക്കണം. ലൈസൻസും നിർബന്ധം
* നായ്ശല്യം പരിഹരിക്കാനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങളുടെ നടപ്പ് പദ്ധതിയിൽ
*എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കർമ്മസേനകൾ
ഓറൽ വാക്സിനേഷൻ
*ഓറൽ വാക്സിനേഷൻ സാദ്ധ്യത പരിശോധിക്കും. പഞ്ചായത്തുതോറും ഒന്നിലേറെ വാക്സിനേഷൻ യൂണിറ്റ്. വാടകയ്ക്ക് വാഹനമെടുക്കാം
* കൊവിഡ് സന്നദ്ധസേനാംഗങ്ങൾ, കുടുംബശ്രീ, മൃഗസ്നേഹി സംഘടന എന്നിവയെ ഉപയോഗിക്കും
*വാക്സിനേഷൻ ടീമിന് 9 ദിവസത്തെ അടിയന്തര പരിശീലനം. വാക്സിനെടുത്ത നായ്ക്കൾക്ക് അടയാളമിടും
*വെറ്ററിനറി സർവ്വകലാശാലയിലെ പി.ജി വിദ്യാർത്ഥികളെ എ.ബി.സിക്ക് ലഭ്യമാക്കും
* മാലിന്യനീക്കത്തിന് കല്യാണഹാളുടമകൾ, ഇറച്ചിവ്യാപാരികൾ എന്നിവരുടെ യോഗം വിളിക്കും