
തിരുവനന്തപുരം: ഭാവിയെക്കുറിച്ച് തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാൽ പ്രധാനമന്ത്രിയായാൽ ഇന്ത്യയെ വിദ്വേഷ മുക്തമാക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. അഭയ് എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ ഈ മറുപടി.
പ്രധാനമന്ത്രിയായാൽ രാജ്യത്തെ മികച്ചതാക്കാൻ ശ്രമിക്കും. ഭാരത് ജോഡോ യാത്രയുടെ അതേ ചിന്തകളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ ഇഷ്ടമാണ്. കേരളത്തിലെ ജനങ്ങളെയാണ് ഏറ്റവും ഇഷ്‌ടം. ഇവിടത്തെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളും അത് തിരഞ്ഞെടുക്കാൻ അവർ സ്വീകരിക്കുന്ന അച്ചടക്കവും ഇഷ്ടമാണ്.
നാളത്തെ ഭാവി ഇന്നത്തെ കുട്ടികളാണെന്ന് ചാച്ചാജി ഒരിക്കൽ പറഞ്ഞു. നല്ല നേതാവാകണമെങ്കിൽ ഒരു നല്ല വ്യക്തിയാകാൻ ശ്രദ്ധിക്കണം. സ്കൂൾ കാലം മുതൽ മികച്ച വ്യക്തിത്വം കെട്ടിപ്പടുക്കണം. എങ്കിൽ മാത്രമേ മികച്ച നേതാവാകുകയും രാജ്യം വളരുകയും ചെയ്യുകയുള്ളൂ. തിരഞ്ഞെടുത്ത 28 വിദ്യാർത്ഥികളുമായാണ് രാഹുൽ സംവദിച്ചത്.
യാത്രയുടെ ഭാഗമായി ദേശീയതലത്തിൽ ജവഹർ ബാൽ മഞ്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ വിജയിച്ചവർക്കുളള സമ്മാനങ്ങൾ രാഹുൽ വിതരണം ചെയ്‌തു. മഞ്ച് ദേശീയ ചെയർമാൻ ജി.വി ഹരി, ദേശീയ കോ-ഓർഡിനേറ്റർ ഹസൻ അമൻ, സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ആനന്ദ് കണശ്ശ, ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.