arrest

ചിറയിൻകീഴ്: കൂന്തള്ളൂരിൽ ഓണാഘോഷ പരിപാടിക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സംഘാടകരെ മർദ്ദിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്‌ത പ്രതികൾ അറസ്റ്റിൽ. അഴൂർ കാറ്റാടിമുക്ക് ഓമന നിവാസിൽ ഹരീഷ് (21), ശാർക്കര കുറ്റിയത്ത്മുക്ക് ചിറയിൽ തൂമ്പടി തിട്ടയിൽ വീട്ടിൽ ബിപിൻ (23), മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം ആദിത്യ നിവാസിൽ ആദിത്യൻ (23) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌തത്.

ഇക്കഴിഞ്ഞ 11ന് ചിറയിൻകീഴ് കൂന്തള്ളൂർ കൊറട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പ്രതികൾ സ്ത്രീകളെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തത് ചോദ്യം ചെയ്‌തപ്പോഴാണ് സംഘാടകരെ ആക്രമിച്ചത്. കൊറട്ടുവിളാകം പാലത്തിന് സമീപത്തുനിന്നെത്തിയ പ്രതികളുടെ കൈയിൽ ബേസ്ബോൾ സ്റ്റിക്ക്, ക്രിക്കറ്റ് സ്റ്റമ്പ്, ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങളുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ക്ലബ് പ്രസിഡന്റ് അച്ചുലാലിനെയും ക്ലബ് മെമ്പർ മണിലാലിനെയും ബേസ്ബോൾ സ്റ്റിക്ക് കൊണ്ട് തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി പ്രദേശവാസിയായ പ്രമോദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് കൈ അടിച്ചുപൊട്ടിക്കുകയും കാറിന്റെ ഗ്ലാസ് തകർക്കുകയും ചെയ്‌തു. മൈക്ക് സെറ്റ് ഉപകരണങ്ങളും ഇവർ തല്ലിത്തകർത്തു.

50,000 രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനു.ജിയുടെ മേൽനോട്ടത്തിൽ ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷ്, എസ്.ഐ അമിർത് സിംഗ് നായകം, ജൂനിയർ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐമാരായ നവാസ്, അരുൺകുമാർ, സി.പി.ഒമാരായ ജയ്സൺ, മനോജ് മണിയൻ, മുസമ്മിൽ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.