
മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണപുരം വാർഡിലുൾപ്പെട്ട സ്വകാര്യ വ്യക്തിയുടെ പാറക്കുളത്തിൽ ലോഡുകണക്കിന് നഗരത്തിലെ മാലിന്യം തള്ളിയതിൽ വ്യാപകമായി പ്രതിഷേധമുയർന്നു. പാറക്കുളത്തിന്റെ ഉടമയുടെ അനുമതിയോടെ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യം കൊണ്ട് ഇട്ടത്. മാലിന്യവുമായി എത്തിയ ലോറിയിൽ ക്ലീൻ കേരള കമ്പനിയുടെ സ്റ്റിക്കർ പതിച്ചിരുന്നു. ദുർഗന്ധം പരത്തുന്ന മാലിന്യം കൊണ്ടിട്ടതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും ഈച്ച ശല്യവും വ്യാപകമായിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ശ്രീകൃഷ്ണപുരം വാർഡ് അംഗം ഒ.ജി.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ പാറക്കുളത്തിന് മുന്നിൽ ഗ്രിൽ ഗേറ്റ് സ്ഥാപിച്ച് പൂട്ടിട്ടു.
മാലിന്യം കൊണ്ടിട്ടശേഷം ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ട് നികത്താനായിരുന്നു പദ്ധതി.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ വൻ തോതിലാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മാലിന്യ ലോറിയെ സ്ഥലത്തെത്തിയ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായരും ശ്രീകൃഷ്ണപുരം വാർഡ് അംഗം ഒ.ജി.ബിന്ദുവും നാട്ടുകാരും തടഞ്ഞപ്പോൾ ക്ലീൻ കേരള കമ്പനിയുടെ നിർദ്ദേശമനുസരിച്ചാണ് മാലിന്യമെത്തിച്ചതെന്ന് ലോറിയുടെയും ജെ.സി.ബിയുടെയും ജീവനക്കാർ അറിയിച്ചു. ഇനി മാലിന്യമെത്തിക്കരുതെന്ന് താക്കീത് ചെയ്ത് ശേഷം ലോറി വിട്ടയച്ചു.ക്ലീൻ കേരള കമ്പനിയുമായി നേരിട്ട് യാതൊരു ഇടപാടുമില്ലെന്നും ഇടനിലക്കാരൻ ആവശ്യപ്പെട്ടതനുസരിച്ചാണിവിടെ മാലിന്യമിടാൻ അനുമതി നൽകിയതെന്നും പാറക്കുളത്തിന്റെ ഉടമ ഷാജിദാസ് പറഞ്ഞു.