തിരുവനന്തപുരം: ഒറ്റ മനസോടെ ഒരേ താളത്തിലും മേളത്തിലും ആർത്തുവിളിച്ച് അനന്തപുരി ആഘോഷത്തിലലിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഏഴ് ദിവസം നീണ്ട ഓണാഘോഷമാണ് വർണക്കാഴ്‌ചയൊരുക്കിയ ഘോഷയാത്രയോടെ സമാപിച്ചത്. വൈകിട്ട് 5 മണിക്കാണ് ഘോഷയാത്ര വെള്ളയമ്പലം മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്‌തതെങ്കിലും മണിക്കൂറുകൾക്ക് മുമ്പുതന്നെ കാർമേഘങ്ങളെ അവഗണിച്ച് നഗരവീഥിയിൽ ജനങ്ങൾ ഒത്തുകൂടി.

കവടിയാറിൽ നിന്നായിരുന്നു ഘോഷയാത്രയുടെ തുടക്കം. ആദ്യം അശ്വാരൂഢസേനയ്ക്ക് പിന്നാലെ ഭാരത് ഭവൻ ഒരുക്കിയ 35 ഇനം കലാരൂപങ്ങൾ അണിനിരന്നു. ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട, പൂരക്കളി, വേലകളി, തെയ്യം, പൊയ്‌ക്കാൽ, കളരിപ്പയറ്റ്, ചെണ്ടമേളം, മയൂരനൃത്തം, കേരളനടനം, പൂക്കാവടി, പഞ്ചവാദ്യം, തിറയാട്ടം തുടങ്ങിയ കലാരൂപങ്ങൾ കാണികളുടെ മനം കവർന്നു. പുതു തലമുറകൾക്കാണ് കലാരൂപങ്ങൾ കൂടുതൽ ആവേശമായത്. ആകെ 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമായി നഗരം ഇതുവരെ കാണാത്ത ദൃശ്യാനുഭവമായിരുന്നു.

നവകേരളം പടുത്തുയർത്തണമെന്ന ആശയമുള്ള ഫ്ളോട്ടായിരുന്നു ആദ്യം. വിവിധ വികസനപദ്ധതികളിലൂടെ കുതിച്ചുയരുന്ന കേരളത്തെ അതിൽ വരച്ചുകാട്ടി. വികസനത്തോടൊപ്പം ജൈവവൈവിദ്ധ്യം സംരക്ഷിക്കാൻ വേഴാമ്പലും വരയാടും നീലക്കുറിഞ്ഞിയും അതിലുണ്ടായിരുന്നു. കേരള പൊലീസിന്റെ ബാൻഡ് ബ്യൂഗിൾ സംഘത്തിന് പിന്നാലെ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള പൊലീസ് കരുതൽ സന്ദേശം രണ്ടാമത്തെ ഫ്ളോട്ടിൽ പകർന്നു. എസ്.സി.ഇ.ആർ.ടിയുടെ അക്ഷരഗോളം, നഗരസഭയുടെ ഹരിതകർമസേന, മെഡിസെപ്പുമായി ധനകാര്യവകുപ്പ്, കാടെന്ന വിസ്‌മയം ഒരുക്കി വനംവകുപ്പ്, സ്‌മാർട്ട് അങ്കണവാടിയുടെ ചന്തം നിറച്ച് വനിതാ ശിശുവികസന വകുപ്പ് എന്നിവരും പിന്നാലെയെത്തി.

മാവേലിമന്നനെ ഫുട്‌ബോർഡിൽ നിറുത്തി കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കറിന്റെ സിറ്റി റൈഡറുമായി കൗതുകം പകർന്നു. കെ.ടി.ഡി.സി തുറന്ന പഴയ കാറിൽ വിദേശ ദമ്പതിമാരെ ഇരുത്തി ഫ്ളോട്ട് ഒരുക്കി. സേവനങ്ങളാണ് എസ്.ബി.ഐ അവതരിപ്പിച്ചത്. വിനോദസഞ്ചാര വകുപ്പിന്റെ കാരവനും പുതിയ അനുഭവമായി. വ്യവസായ വകുപ്പ് സംരംഭക വർഷത്തെ ചൂണ്ടിക്കാണിച്ച് അലാവുദ്ദീന്റെ അത്ഭുത വിളക്ക് മാതൃകയിൽ ഫ്ളോട്ടുണ്ടാക്കി. ആയുഷ്, ഔഷധി, ഇക്കോ ടൂറിസം, കൃഷി, ഉത്തരവാദ ടൂറിസം മിഷൻ തുടങ്ങിയ വകുപ്പുകളുടെ ഫ്ളോട്ടുകളും ഘോഷയാത്രയിൽ നിരന്നു. കാശ്‌മീർ, കർണാടക, അസാം, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ കലാകാരൻമാർ ഭാരത് ഭവന്റെ ഏകോപനത്തിൽ നൃത്തങ്ങൾ അവതരിപ്പിച്ചു. ഓണം ആഘോഷിക്കാൻ തലസ്ഥാനത്ത് എത്തിയവർ ഹാപ്പിയായാണ് മടങ്ങിയത്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടെങ്കിലും ചില സ്ഥലത്ത് ഗതാഗതക്കുരുക്ക് വലച്ചു.