over-draft

തിരുവനന്തപുരം: വൻ തുകയ്ക്കുള്ള ബില്ലുകൾ മാറുന്നത് നിയന്ത്രിച്ചും കഴിയുന്നത്ര നികുതി വരുമാനം ഉൾപ്പെടെ സ്വരൂപിച്ചും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി തത്കാലം മറികടക്കാനുള്ള തീവ്ര ശ്രമങ്ങളുമായി സർക്കാർ. ഇതിലൂടെ ഓവർ ഡ്രാഫ്റ്റ് എടുക്കുന്നതും ട്രഷറി സ്തംഭനം ഒഴിവാക്കുകയുമാണ് ലക്ഷ്യം. ധനക്കമ്മി നികത്താൻ കേന്ദ്രം നൽകുന്ന ഗ്രാന്റ്, ജി.എസ്.ടി വിഹിതത്തിൽ കിട്ടാനുള്ള ബാക്കിതുക എന്നിവ നേടിയെടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇതുകൂടി ലഭിച്ചാൽ ഖജനാവിന്റെ സ്ഥിതി കുറച്ചു കൂടി മെച്ചപ്പെടും.

അതേസമയം, ഓണാവധി കഴിഞ്ഞതോടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള നികുതി ഉൾപ്പടെയുള്ള വരുമാനം എത്തിത്തുടങ്ങിയതുംകൂടുതൽ ബില്ലുകൾ കൂട്ടത്തോടെ എത്താത്തതും ഈ മാസത്തെ ചെലവിൽ ഏറിയഭാഗവും ഓണത്തിനുമുമ്പായി കഴിഞ്ഞതും സർക്കാരിന് തത്കാലം ആശ്വാസമാണ്. വരും ദിവസങ്ങളിലെ ട്രഷറിയുടെ സ്ഥിതികൂടി പരിശോധിച്ചശേഷം മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്നാണ് തീരുമാനം.

കേന്ദ്രം ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ, ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തിയത്, റവന്യുകമ്മി ഗ്രാൻഡ് വെട്ടിക്കുറച്ചത്, വായ്പാപരിധി നിയന്ത്രിച്ചത് തുടങ്ങിയവമൂലം സംസ്ഥാനത്തിന് 23,000 കോടിയുടെ പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നു. എന്നാൽ ഇത് പരിഹരിക്കാനുള്ള മാർഗങ്ങളും ചെലവ് നിയന്ത്രിക്കാനുള്ള നടപടികളുമുൾപ്പെടെ സ്വീകരിക്കുന്നു. ഇതെല്ലാം ഫലം കാണാൻ സമയമെടുക്കും. അതുവരെ ദൈനംദിനാവശ്യത്തിനുള്ള പണലഭ്യതയിൽ കുറവുണ്ടാകാനിടയുണ്ടെന്നും മന്ത്രി പറഞ്ഞു.