
രാഹുൽഗാന്ധിയുമായി സംവദിച്ച് പ്രമുഖ വ്യക്തികൾ
തിരുവനന്തപുരം: രാജ്യം നേരിടുന്ന ആശങ്കകളും വെല്ലുവിളികളും അതിജീവിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്കൂളിൽ ഇന്നലെ ഒരുക്കിയ ഉച്ച വിരുന്നിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയവരാണ് രാഹുൽഗാന്ധിയുമായി സംവദിച്ചത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാധാരണക്കാർക്കും കലാകാരൻമാർക്കും ഭയം കൂടാതെ ജീവിക്കാൻ ജനാധിപത്യ മതേതരമുല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനതയെ ഒരുമിച്ച് നിറുത്താനുള്ള ആശയ സമ്പന്നതയും നേതൃഗുണവുമുള്ള കോൺഗ്രസിനെ ,രാജ്യത്ത് മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി പി .സുഹൈബ് മൗലവി, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ , വികാരി ജനറൽ ഫാ.യൂജിൻ പെരേര, നെയ്യാറ്റിൻകര ബിഷപ്പ് വിൻസന്റ് സാമുവൽ, മാർത്തോമ മെട്രോപൊളിറ്റൻ സിറിയൻ ചർച്ച് മേധാവി ഗ്രേസ് ജോസഫ് മാർ ബർണബാസ്, സി.എസ് .ഐ ബിഷപ്പ് ധർമ്മരാജ് റസാലം,സാമ്പത്തിക വിദഗ്ദ്ധ മേരി ജോർജ്, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, സൂര്യാ കൃഷ്ണമൂർത്തി, ഡോ. ഉമ്മൻ വി.ഉമ്മൻ, ജി. വിജയരാഘവൻ, ഡോ. എം.ജി.ശശിഭൂഷൺ, ഡോ. എം. ഐ.സഹദുള്ള , ഡോ. എൻ രാധാകൃഷ്ണൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ തുടങ്ങിയവരും സമാന ചിന്താഗതികൾ പങ്കിട്ടു.
ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശം പകരുന്ന 'ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശം ഒന്നു തന്നെ' എന്ന് തുടങ്ങുന്ന ഗാനം ഡോ. കെ. ഓമനക്കുട്ടിയും ,മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈശോവാസ്യോപനിഷത്തിലെ ശ്ലോകങ്ങൾ കാവാലം ശ്രീകുമാറും ആലപിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി സ്വാഗതം പറഞ്ഞു.