നെയ്യാറ്റിൻകര: പടക്കമെറിഞ്ഞതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടെ യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ച വഴുതൂർ നെല്ലിവിള പുത്തൻവീട്ടിൽ കൊട്ടു ഹരി എന്ന ഹരികൃഷ്ണനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. 11ന് വെളുപ്പിന് 2 മണിയോടെയായിരുന്നു സംഭവം. വഴുതൂർ പവിത്രാനന്ദപുരം കോളനിയിലെ ഷൈനു (25), പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ രഞ്ജിത്ത് (26) എന്നിവരെയാണ് പ്രതി വാളുകൊണ്ട് വെട്ടിയത്. തലയിലും വയറിലും ഗുരുതരമായി പരിക്കേറ്റ ഷൈനു മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോളനിയിൽ വച്ച് ഹരികൃഷ്ണൻ പടക്കമെറിഞ്ഞതാണ് അക്രമത്തിന് കാരണം. തുടർന്ന് ഷൈനുവും രഞ്ജിത്തും ഹരികൃഷ്ണന്റെ വീട്ടിലെത്തി വാക്കേറ്റത്തിലേർപ്പെടുകയും ഹരികൃഷ്ണൻ വാളുകൊണ്ട് ഇരുവരെയും വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സി.ഐ കെ.ആർ ബിജു, എസ്.ഐമാരായ ആർ. സജീവ്, ശശിഭൂഷണൻ നായർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി.