maveli

തിരുവനന്തപുരം: നിയന്ത്രണങ്ങളുടെയും അടച്ചിരിപ്പുകളുടെയും കാലം കഴിഞ്ഞെന്ന് ഓർമ്മപ്പെടുത്തി ഒത്തുചേരലിന്റെ ആഘോഷമായി മാറി അനന്തപുരിയിലെ ഓണം വാരാഘോഷവും സംസ്‌കാരിക ഘോഷ യാത്രയും. നിറഞ്ഞ ജനപങ്കാളിത്തം ആവേശം വിളിച്ചറിയിക്കുന്നതായി. ഘോഷയാത്ര ആരംഭിച്ച വെള്ളയമ്പലം മാനവീയം വീഥി മുതൽ അവസാനിച്ച കിഴക്കേക്കോട്ട വരെ റോഡിന് ഇരുവശവും വൻ ജനാവലി കാഴ്ചക്കാരായി. ഇന്ത്യയുടെയും കേരളത്തിന്റെയും വൈവിദ്ധ്യമാർന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.

വൈകിട്ട് അഞ്ചിനായിരുന്നു വെള്ളയമ്പലത്ത് മുഖ്യമന്ത്രി ഘോഷയാത്ര ഉദ്ഘാടനം ചെയ്തത്. യൂണിവേഴ്സിറ്റി കോളജിനു മുന്നിലൊരുക്കിയ പ്രത്യേക പന്തലിൽ ഓണം ഘോഷയാത്ര മുഖ്യമന്ത്രി വീക്ഷിച്ചത് കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു. ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവർ വേദിയിലുണ്ടായിരുന്നു.

തമിഴ്നാട് ഐ.ടി വകുപ്പ് മന്ത്രി മനോ തങ്കരാജ്, മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, കെ. കൃഷ്‌ണൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ശശി തരൂർ എം.പി, എം.എൽ.എമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരുമുണ്ടായിരുന്നു. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കും സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര വീക്ഷിക്കാൻ പബ്ലിക് ലൈബ്രറിയുടെ മുന്നിൽ സൗകര്യം ഒരുക്കി. നിശാഗന്ധിയിലെ സമാപനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നടൻ ആസിഫ് അലി മുഖ്യാതിഥിയായി.