തിരുവനന്തപുരം: മലയാളികൾക്ക് ആഘോഷങ്ങളേ ഉള്ളൂ, അതിന് പ്രത്യേകം കാരണങ്ങൾ വേണ്ടെന്ന് സിനിമാതാരം ആസിഫ് അലി പറഞ്ഞു. ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷം ഓണാഘോഷമില്ലാതിരുന്ന തലസ്ഥാനവാസികൾ ഇത്തവണ വൈരാഗ്യബുദ്ധിയോടെ തന്നെയാണ് ഓണാഘോഷം ഗംഭീരമാക്കിയത്. ആഘോഷത്തിന് സർക്കാരും ഒപ്പം നിന്നു. താൻ 13 വർഷം മുമ്പ് ഇവിടത്തെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. കുറച്ച് ദിവസം താൻ തിരുവനന്തപുരത്തുണ്ടെന്നും ലൈറ്റുകൾ കാണാൻ ഇറങ്ങുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
2023ൽ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഈ ഓണാഘോഷം മാറ്റാൻ ടൂറിസം വകുപ്പ് നേതൃത്വം നൽകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഓണാഘോഷം 2022 മെഗാഷോയ്‌ക്കുള്ള കേരള കൗമുദിക്കുള്ള അവാർഡ് കൗമുദി ടി.വി ജനറൽ മാനേജർ എ. സുധീർ കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി,എം.എൽ.എമാരായ ഡി.കെ.മുരളി, ഐ.ബി. സതീഷ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് എന്നിവർ പങ്കെടുത്തു.സർക്കാർ സ്ഥാപനങ്ങളിലെ വൈദ്യുത ദീപാലങ്കാരത്തിന് ഒന്നാം സ്ഥാനം നിയമസഭയ്‌ക്കും പൊതുമേഖല സ്ഥാപനങ്ങളിൽ കെൽട്രോണിനും തദ്ദേശ സ്ഥാപനങ്ങളിൽ നഗരസഭയ്‌ക്കും ലഭിച്ചു.