kerala

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കാരണമായ പത്രമാണ് കേരളകൗമുദിയെന്നും സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ആവശ്യങ്ങളും അധികാര കേന്ദ്രങ്ങളിലെത്തിക്കാൻ എക്കാലത്തും കേരളകൗമുദി മുന്നിൽ നിന്നിട്ടുണ്ടെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകൗമുദി സംഘടിപ്പിച്ച 'ഓണം എക്സ്ട്രീം' പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്തെ ജനങ്ങൾ വായിച്ചുതുടങ്ങിയ പത്രമാണ് കേരളകൗമുദി. മറ്റു രാഷ്‌ടീയ പ്രവർത്തകരെപ്പോലെ എന്റെയും പൊതു രാഷ്ട്രീയ പ്രവർത്തനത്തിന് എക്കാലത്തും സഹായകമായി കേരളകൗമുദി നിന്നിട്ടുണ്ട്. കേരളകൗമുദി നൽകിയ ഊർജമാണ് പൊതുപ്രവർത്തന രംഗത്തെ വഴികാട്ടി.

രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം നടന്ന ഓണാഘോഷത്തിൽ ജനങ്ങളുടെ വലിയ ആവേശമാണ് ഉണ്ടായത്. നഗരമേഖലയിൽ മാത്രമല്ല, ഗ്രാമീണ പ്രദേശങ്ങളിലും ഈ ആവേശം വ്യക്തമായിരുന്നു. ജനങ്ങളുടെ സന്തോഷത്തിന് മാറ്റുകൂട്ടുന്ന നിലയിലുള്ള കലാപരിപാടികളും ഘോഷയാത്രയുമാണ് സർക്കാർ ഇക്കൊല്ലം സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനത്തിന്റെ സ്വന്തം പത്രം ഏതെന്ന് ചോദിച്ചാൽ ആരും കണ്ണടച്ചു പറയുന്ന പേരാണ് കേരളകൗമുദിയുടേതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡും പ്രളയവും സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം നാടും നഗരവും ഉണർന്ന ഓണാഘോഷമായിരുന്നു ഇക്കൊല്ലം നടന്നത്.

ഓണം എക്സ്ട്രീമിന്റെ സ്‌പോൺസർമാർക്കുള്ള ഉപഹാരങ്ങൾ മന്ത്രിമാർ സമ്മാനിച്ചു. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി വിഷ്ണു ഭക്തൻ, സഫയർ മാനേജിംഗ് ഡയറക്ടർ

ഡോ.സുനിൽകുമാർ എന്നിവർക്ക് മന്ത്രി ജി.ആർ.അനിലും ജ്യോതിസ് ഗ്രൂപ്പ് ഒഫ്‌ സ്‌കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, മിൽമ ജനറൽ മാനേജർ ഗോപാലകൃഷ്ണൻ, കൈരളി ജൂവലേഴ്‌സ് മീഡിയ ഓപ്പറേഷൻ ഹെഡ് ലിസാ ജോർജ് എന്നിവർക്ക് മന്ത്രി ആന്റണി രാജുവും ഉപഹാരം സമ്മാനിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സഫയറിലെ വിദ്യാർത്ഥികൾക്ക് സഫയർ ഏർപ്പെടുത്തിയ കാഷ് അവാർഡുകളും മന്ത്രിമാർ വിതരണം ചെയ്തു. 720 ൽ 700 മാർക്ക് നേടിയ നിഥിൻ കൃഷ്ണയ്ക്ക് 3 ലക്ഷം രൂപയുടെ കാഷ് അവാർഡും 677 മാർക്ക് നേടിയ എസ്.എ. പ്രണവ്,​ 670 മാർക്ക് നേടിയ എം. അതിർഥ് കിഷൻ എന്നിവർക്ക് ഒരു ലക്ഷം രൂപ വീതമുള്ള കാഷ് അവാർഡുകളും സമ്മാനിച്ചു.

കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ഈവന്റ്സ് ഹെഡുമായ എ.സി.റെജി,​ തിരുവനന്തപുരം- ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ, ജനറൽ മാനേജർ (മാർക്കറ്റിംഗ്) എ. സുധീർകുമാർ, ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, പ്രൊഡക്ഷൻ ഹെഡ് സാബു കെ.എസ് എന്നിവർ പങ്കെടുത്തു.