
വെഞ്ഞാറമൂട്: സാക്ഷരതയിൽ ഡിജിറ്റൽ വിപ്ലവം തീർക്കുകയാണ് പുല്ലമ്പാറ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് പി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.14 മുതൽ 65 വയസ് വരെയുള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. 45 വയസിന് മുകളിലുള്ളവരായിരുന്നു പഠിതാക്കളിൽ കൂടുതലും. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു.
പഞ്ചായത്തിലെ 15 വാർഡുകളിലായി ആകെ 3917 പേർക്കാണ് ഡിജിറ്റൽ സാക്ഷരതാ പരിശീലനം ആവശ്യമെന്ന് സർവേയിൽ കണ്ടെത്തിയത്. ഇതിൽ 617 പേർക്ക് കാഴ്ചക്കുറവ്, കിടപ്പ് രോഗം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലം പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ബാക്കിയുള്ള 3300 പേർ പരിശീലനം പൂർത്തിയാക്കി.
പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനമായ 'ഇ-വിദ്യാരംഭം, ജില്ലാ കളക്ടറായിരുന്ന നവജ്യോത് ഖോസ് കഴിഞ്ഞ ഒക്ടോബർ 18നാണ് നിർവഹിച്ചത്. വീടുകൾ കയറിയും, ഒഴിവ് സമയങ്ങളിൽ
തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റുകളിലും പ്രാദേശിക പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വച്ചുമായിരുന്നു പരിശീലനം.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, പദ്ധതി കോഓർഡിനേറ്റർ ഷംനാദ് പുല്ലമ്പാറ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ സജീനസത്താർ, ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണറായിരുന്ന സനോബ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനിയർ ദിനേശ് പപ്പൻ എന്നിവരടങ്ങിയ കോർ ടീമാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്.7 മുതൽ 14 ദിവസം വരെയാണ് ഓരോ വാർഡിലും ചെലവഴിച്ചത്. 21ന് വൈകിട്ട് 4 മുഖ്യമന്ത്രി പിണറായി വിജയൻ മരുംതുംമൂട്ടിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തും. ഇതോടെ രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ പഞ്ചായത്ത് എന്ന വലിയ നേട്ടം പുല്ലമ്പാറയ്ക്ക് സ്വന്തമാകും. പുല്ലമ്പാറ പഞ്ചായത്തിന്റെ ഈ സ്വപ്നപദ്ധതി മറ്റ് പഞ്ചായത്തുകളിലും നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കില. പദ്ധതിയുടെ പ്രഖ്യാപനം ഒരു ജനകീയ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡി.കെ. മുരളി എം.എൽ.എ ചെയർമാനും പി.വി. രാജേഷ് ജനറൽ കൺവീനറുമായ സംഘാടക സമിതി.