general

ബാലരാമപുരം: എൻ.സി.ഡി.സിയുടെ നേത്യത്വത്തിൽ മിസോറാമിൽ നിന്നുള്ള സഹകാരികളുടെ സംഘം ബാലരാമപുരം സർവീസ് സഹകരണബാങ്കും ട്രിവാൻഡ്രം സ്പിന്നിംഗ്‌മിൽ വളപ്പിലെ മൂന്നേക്കർ സമ്മിശ്ര കൃഷിത്തോട്ടവും ഫാമും സന്ദർശിച്ചു. കേരളത്തിലെ ചെറുകിടസംരംഭകരുടെ സഹകരണ സ്ഥാപനമെന്ന നിലയിൽ ബാങ്ക് നടത്തിവരുന്ന പ്രവർത്തനങ്ങൾ അയൽ സംസ്ഥാനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും മാതൃകയാണെന്ന് സഹകാരി സംഘം അഭിപ്രായപ്പെട്ടു. മിസോറാമിലെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോംഗോയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സഹകാരി സംഘമാണ് ബാങ്കിന്റെ പ്രവർത്തനരീതികളെക്കുറിച്ച് പഠിക്കാൻ സന്ദർശനത്തിനെത്തിയത്. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.പ്രതാപചന്ദ്രൻ,​ സെക്രട്ടറി എ.ജാഫർഖാൻ ഭരണസമിതി അംഗം എം.എം.ഫ്രെഡറിക് ഷാജി എന്നിവർ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കാർഷിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെക്കുറിച്ചും വിശദീകരിച്ചു.