തിരുവനന്തപുരം: ഇടയ്ക്കിടെ എത്തിയ കനത്തമഴയ്ക്കും ഭാരത് ജോഡോ യാത്രയുടെ ഉത്സാഹക്കനൽ കെടുത്താനായില്ല. തിങ്കളാഴ്ച കഴക്കൂട്ടത്തെ സമാപനത്തിന്റെ തുടർച്ചയായി കണിയാപുരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽനിന്നാണ് ഇന്നലെ രാവിലെ 7.20 ന് യാത്ര തുടങ്ങിയത്. അതിനിടെ എത്തിയ മഴ നേതാക്കളുടെ മുഖത്ത് ലേശം മ്ളാനത പടർത്തിയെങ്കിലും രാഹുൽഗാന്ധിയുടെ പ്രസരിപ്പിൽ അതെല്ലാം അലിഞ്ഞു. രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ, അടൂർപ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, പാലോട് രവി തുടങ്ങിയവർ യാത്ര പുറപ്പെടുമ്പോൾ രാഹുൽഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.
യാത്ര തുടങ്ങിയതോടെ മഴയ്ക്ക് അല്പം ശമനമായെങ്കിലും പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപമെത്തിയപ്പോൾ വീണ്ടും ശക്തമായി. തലയിൽ കെട്ടാൻ ടവൽ വേണമെന്ന് കെ.സി.വേണുഗോപാൽ നിർദ്ദേശിച്ചു. ഉടൻ ടവലുകൾ എത്തിച്ചെങ്കിലും തലയിൽ കെട്ടാൻ രാഹുൽ തയ്യാറായില്ല. സി.ആർ.പി.എഫ് ക്യാമ്പിന്റെ മതിലിന് അപ്പുറംനിന്ന ജവാന്മാരുടെ അടുത്തെത്തി രാഹുൽ ഹസ്തദാനം നൽകി.
കഠിനംകുളം, മേനംകുളം മണ്ഡലം കമ്മിറ്റികൾ സ്വീകരണത്തിനായി മംഗലപുരത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ഒപ്പം നടന്ന് ക്ഷീണിതനായ ഒരു പ്രവർത്തകന് രാഹുൽതന്നെ വെള്ളംനൽകി. വീണ്ടും മഴ കനത്തു. അല്പസമയം നിറുത്തിയാലോ എന്ന അഭിപ്രായം ഉയർന്നെങ്കിലും യാത്രാനായകൻ വഴങ്ങിയില്ല.
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് മുന്നിലെത്തിയപ്പോൾ, ആശാൻ കവിതകളിലെ നായികമാരെ ആവിഷ്‌കരിച്ച് കാനായി തീർത്ത കാവ്യശില്പം അത്ഭുതത്തോടെ ഏറെനേരം നോക്കിനിന്ന രാഹുൽ, കെ.സി.വേണുഗോപാലിനോട് അതേക്കുറിച്ച് ചോദിച്ചു മനസിലാക്കി. സ്മാരകത്തിലെ ആശാന്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജീവനക്കാർക്കൊപ്പം സെൽഫിയെടുത്തു. സ്വന്തം ഫോണിൽ കാവ്യശില്പത്തിന്റെ ചിത്രവും പകർത്തി. 13 കിലോമീറ്റർ മൂന്നുമണിക്കൂർ കൊണ്ട് താണ്ടി 10.20ന് യാത്ര ആറ്റിങ്ങലിനടുത്ത് മാമം എസ്.എസ്.പൂജാ കൺവെൻഷൻ സെന്ററിന് മുന്നിൽ വിശ്രമത്തിനായി നിറുത്തി.
തൊഴിലുറപ്പ് തൊഴിലാളികൾ, സി.എം.പി, കെ-റെയിൽ വിരുദ്ധ സമരസമിതി പ്രതിനിധികളുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച. വൈകിട്ട് നാലോടെ മാമത്തു നിന്ന് യാത്ര പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥ അവഗണിച്ചും നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. രാത്രി ഏഴിന് സമ്മേളനത്തോടെ കല്ലമ്പലത്ത് ഇന്നലത്തെ യാത്ര സമാപിച്ചു. സെപ്തംബർ 7ന് കന്യാകുമാരിയിൽ തുടങ്ങിയ യാത്ര എട്ടാംദിവസമായ ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും.